മുഹമ്മദ് റിയാസ് ​| ഫയല്‍ ചിത്രം

മുഹമ്മദ് റിയാസ് ​| ഫയല്‍ ചിത്രം

മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ സൂപ്പർമാൻ ചമയുന്നുവെന്ന് സിപിഎമ്മില്‍ വിമർശനം. റിയാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശം നൽകിയെന്ന് പന്തളം ഏരിയ കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഡിവൈഎഫ്ഐ രാഷ്ട്രീയം പൊതിച്ചോറിൽ ഒതുങ്ങിയെന്ന് എം.വി.ഗോവിന്ദൻ കൊല്ലത്തെ യോഗത്തിൽ തുറന്നടിച്ചു. സർക്കാരിന്റെ മുൻഗണനകൾ നിശ്ചയിച്ചു തിരുത്തലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിപിഎം. 

 

മുഹമ്മദ് റിയാസിനെ മരുമകന്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിക്കാറുണ്ടെങ്കിലും സിപിഎമ്മില്‍ ഇതാദ്യമായാണ് മരുമകന്‍ പരാമര്‍ശം ഉയരുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെ മാറ്റിയത് മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കാനായിരുന്നു എന്നും വിമർശനമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്നത്. എസ് എഫ്ഐക്ക് പിന്നാലെ ഡിവൈഎഫ്ഐയും പാര്‍ട്ടിക്ക് ഗുണം ഒന്നും ചെയ്യുന്നില്ലെന്ന അര്‍ഥത്തിലായിരുന്നു നാലുജില്ലകള്‍ ഉള്‍പ്പെടുന്ന കൊല്ലം മേഖലാ യോഗത്തിലെ എം വി ഗോവിന്ദന്‍റെ പരാമര്‍ശം. ഡിവൈഎഫ്ഐക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ ആകുന്നില്ലെന്നും പൊതിചോറില്‍ രാഷ്ട്രീയം ഒതുങ്ങിയെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ രംഗം കനത്ത പരാജയമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

പാർട്ടി കണ്ണൂർ ലോബിയുടെ പിടിയിലാണെന്നും ഇങ്ങനെ തുടർന്നാൽ ആസന്ന മരണം ഉറപ്പെന്നുമാണ് കോന്നി ഏരിയ കമ്മിറ്റിയിലും കുറപ്പെടുത്തല്‍ ഉണ്ടായി. വീട്ടിലെ സ്വർണ്ണം വീട്ടുകാരാണ് തിരിച്ചറിയേണ്ടത് എന്നായിരുന്നു രാജു എബ്രഹാമിനെ ലോക്സഭാ സ്ഥാനാർഥിയാക്കാഞ്ഞതിന് റാന്നി എരിയ കമ്മിറ്റിയിൽ ഉയർന്ന പരോക്ഷ വിമർശനം. വിമര്‍ശനങ്ങള്‍ ഉയരുകയും വീഴ്ചകള്‍ സമ്മതിക്കുകയും ചെയ്തിത് പിന്നാലെ  സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തന്നെ തിരുത്തൽ വരുത്താൻ പാർട്ടി മുന്നോട്ടു നീങ്ങുകയാണ്. അടുത്ത സംസ്ഥാന സമിതി തെറ്റു തിരുത്തല്‍ രേഖ അന്തിമമാക്കും. പാർട്ടി നയം അനുസരിച്ച് അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമത്തിന് ഊന്നൽ കൊടുക്കാൻ പാർട്ടി സർക്കാരിനോട് നിർദ്ദേശിക്കും.  മേഖലാ യോഗങ്ങള്‍ അവസാനിച്ചതോടെ ബ്രാഞ്ച് സെക്രട്ടറിമാരെ വരെ ഉള്‍പ്പെടുത്തിയുള്ള ജില്ലാ യോഗങ്ങളും ഉടന്‍ നടക്കും. നേതാക്കളുടെ ശൈലിയെ പറ്റി സിപിഎം തിരുത്തൽ ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രി എങ്ങനെ തിരുത്തുന്നത് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന കാര്യം.

ENGLISH SUMMARY:

CPM Pandalam Area Committee strongly criticized Minister Mohammad Riyas