• 'ശരണിനെ നാടുകടത്തിയിട്ടില്ല, താക്കീത് മാത്രം'
  • 'പ്രതിയായത് ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ആക്രമണത്തില്‍'
  • ശരണ്‍ ജയിലില്‍ നിന്നിറങ്ങിയത് ജൂണ്‍ 23 ന്

കാപ്പ കേസ് പ്രതിയെ മാലയിട്ട് ആഘോഷമായി സ്വീകരിച്ചതില്‍ വിചിത്ര വിശദീകരണവുമായി സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി. ശരണ്‍ ചന്ദ്രന്‍ ഇപ്പോള്‍ പ്രതിയല്ല. കാപ്പ ചുമത്തിയ കാലാവധി കഴിഞ്ഞുവെന്നും കെ.പി. ഉദയഭാനു പ്രതികരിച്ചു. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും താക്കീത് നല്‍കിയതേയുള്ളൂവെന്നുമാണ് ജില്ലാ സെക്രട്ടറിയുടെ അവകാശവാദം. ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരണ്‍ പ്രതിയായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ശരണ്‍ ഇന്നലെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത്.

വധശ്രമവും സ്ത്രീകളെ ഉപദ്രവിച്ചതും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ 'ഇഡ്ഡലി' എന്നു വിളിക്കുന്ന ശരൺ ചന്ദ്രൻ കഴിഞ്ഞ ജൂൺ 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇന്നലെ പത്തനംതിട്ട കുമ്പഴയിൽ നടന്ന പരിപാടിയിലാണ്  ശരൺ അടക്കമുള്ളവരെ സിപിഎം സ്വീകരിച്ചത്. 60 യുവാക്കൾ പുരോഗമനത്തിന്റെ പാതയിലേക്ക് എന്ന വലിയ പ്രചാരണം കൊടുത്തായിരുന്നു പരിപാടി. പുതിയതായി എത്തിയവരിൽ ഉയർത്തിക്കാട്ടിയതും ശരണിനെയായിരുന്നു. ശരൺ നേരത്തെ ബിജെപി അനുഭാവിയായിരുന്നു. കഴിഞ്ഞ വർഷം കാപ്പയിൽപ്പെടുത്തിയെങ്കിലും നാടുകടത്തിയിരുന്നില്ല. 

ശരണിന്റെ ക്രിമിനൽ പശ്ചാത്തലം പല സിപിഎം പ്രാദേശിക നേതാക്കൾക്കും വ്യക്തമായി അറിയാവുന്നതുമാണ്. എന്നിട്ടും സ്വീകരണം നൽകിയതിൽ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധമുണ്ട്. തിരുവല്ലയിൽ പീഡനക്കേസ് പ്രതിയെ സിപിഎമ്മിൽ തിരിച്ചെടുത്തതിനെതിരെയുള്ള  പ്രതിഷേധം തുടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലയിൽ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ്  പുതിയ വിവാദം.

തെറ്റായ രാഷ്ട്രീയവും രീതിയും തിരുത്തി വരുന്നവരെയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയില്‍ വന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

ENGLISH SUMMARY:

CPM Pathanamthitta area secretary justifies KAAPA case accused joins party. He also claims that Sharan is not accused anymore and KAAPA period already ends.