cv-padmarajan

കെപിസിസി മുന്‍ അധ്യക്ഷനും കെ കരുണാകരന്‍ എകെ ആന്റണി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന സി.വി. പത്മരാജന് ഇന്ന്  തൊണ്ണൂറ്റിമൂന്നാം ജന്മദിനം. പാര്‍ട്ടിയില്‍ ഒരുഗ്രൂപ്പിലും ഉള്‍പ്പെടാത്തയാളാണ് കൊല്ലത്തുകാരുടെ പത്മരാജന്‍ വക്കീല്‍. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലം വാങ്ങിയത് സി.വി. പത്മരാജനായിരുന്നു. 

പരവൂര്‍ സ്വദേശിയായ സിവി പത്മരാജന്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് കൊല്ലം നഗരത്തിന്റെ ഭാഗമായത്. ആനന്ദവല്ലീശ്വരത്തെ വീട്ടിലിരുന്ന് മനോരമ ന്യൂസിനോട് ഓര്‍മകള്‍ പങ്കുവച്ചു. കെ. കരുണാകരൻ-എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായതും കെപിസിസി അധ്യക്ഷനായതുമൊക്കെ ചരിത്രം. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയായി.  മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്. നന്ദാവനത്തു വാടകക്കെട്ടിടത്തിലായിരുന്നു കെപിസിസി ഓഫീസ്. അന്ന് പാര്‍ട്ടിക്കാരില്‍ നിന്ന് പണം പിരിച്ചാണ് ശാസ്തമംഗലത്തെ 'പുരുഷോത്തമം' എന്ന വീട് വാങ്ങി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനാക്കി മാറ്റിയത്.

ഇന്ദിരാ കോണ്‍ഗ്രസിലെ ഐയോട് ആദ്യം അടുപ്പമായിരുന്നുവെങ്കിലും പിന്നീട് ഏത് ഗ്രൂപ്പാണെന്ന് തിരിച്ചറിയാകാത്ത വിധം സിവി പത്മരാജന്‍ കോണ്‍ഗ്രസിന്റെ മുഖമായി. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. കെ കരുണാകരന്‍ ചികില്‍സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. രാഷ്ട്രീയകാര്യങ്ങളൊക്കെ ഇപ്പോഴും നന്നായി മനസിലാക്കുന്നു. 

        

പ്രായം 93ലെത്തി. അന്‍പത്തിമൂന്നു വര്‍ഷമായി കൊല്ലം സഹകരണ അര്‍ബര്‍ ബാങ്കിന്റെ പ്രസിഡന്റാണ്. എല്ലാ പ്രവൃത്തിദിവസവും ബാങ്കിലെത്തിയും സിവി പത്മരാജന്‍ ഊര്‍ജ്വസ്വലനാണ്. 

ENGLISH SUMMARY:

Today is CV Padmarajan's ninety-third birthday