കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. കെ.പി.സി.സി ഓഫീസിലും കെ.സുധാകരന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നും കണ്ടെത്തല്‍. സുധാകരന്‍ പരാതി നല്‍കിയാല്‍ മാത്രം തുടര്‍ അന്വേഷണമെന്ന നിര്‍ദേശത്തോടെ പ്രാഥമിക അന്വേഷണം അവസാനിപ്പിക്കും. 

തെയ്യത്തിന്റെ തലയും തകിടുകളും. ഒന്നര വര്‍ഷം മുന്‍പ് കണ്ണൂരിലെ വീട്ടില്‍ നിന്ന് കെ.സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൂടോത്ര വിവാദം പുകഞ്ഞ് തുടങ്ങിയത്. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ മാത്രമല്ല, കെ.പി.സി.സി ഓഫീസില്‍ സുധാകരന്റെ മേശക്കടിയിലും തിരുവനന്തപുരത്തെത്തുമ്പോള്‍ സുധാകരന്‍ താമസിച്ചിരുന്ന പേട്ടയിലെ വീട്ടിലുമെല്ലാം ഇതുപോലെ കൂടോത്രം വച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നു. അങ്ങിനെയെങ്കില്‍ ആരാണ് വച്ചതെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊതുപ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. അതോടെയാണ് കൂടോത്രത്തേക്കുറിച്ച് അന്വേഷിക്കേണ്ട ഗതികേട് പൊലീസിന് വന്നത്.

മ്യൂസിയം പൊലീസ് ആദ്യം പരാതിക്കാരന്റെ മൊഴിയെടുത്തു. ടി.വിയില്‍ കണ്ടതല്ലാതെ കൂടോത്രത്തേക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു അദേഹത്തിന്റെ മൊഴി. അടുത്തതായി മൊഴിയെടുത്തത് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടേത്. കൂടോത്രത്തേക്കുറിച്ച് അറിയില്ലന്ന് മാത്രമല്ല, അങ്ങനെയൊരു സാധനം ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് അവരും മൊഴി നല്‍കി. സുധാകരനെ ഫോണില്‍ വിളിച്ചപ്പോള്‍ പരാതിയില്ലന്നാണ് അദേഹത്തിന്റെയും നിലപാട്. അതുകൊണ്ട് പ്രത്യേകിച്ച് തെളിവും സുധാകരന് പരാതിയുമില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കും.

കേസെടുക്കേണ്ടി വന്നാല്‍ കൂടോത്രത്തിനെതിരെ എന്ത് വകുപ്പിട്ട് കേസെടുക്കുമെന്ന ടെന്‍ഷനിലായിരുന്നു പൊലീസ്. എന്തായാലും തെളിവൊന്നുമില്ലാത്തതിനാല്‍ ആ പെടാപ്പാടില്‍ നിന്ന് കൂടിയാണ് പൊലീസ് തലയൂരുന്നത്.

ENGLISH SUMMARY:

The police said that a case cannot be filed in the black magic controversy in the Congress