vdout

TOPICS COVERED

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എഐസിസിക്ക് പരാതി നൽകി ഒരു വിഭാഗം നേതാകൾ . സമാന്തര സംഘടനാ പ്രവർത്തനം ആരോപിച്ചാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയിട്ടുള്ളത്. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്നു സതീശൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിഷയത്തിൽ എഐസിസി ഇടപെടും

 

തദ്ദേശ തിരഞ്ഞെടുപ്പ് പിടിക്കാൻ വയനാട് യോഗത്തിൽ എടുത്ത മിഷൻ 2025ന് വേണ്ടി സതീശൻ അയച്ച സർക്കുലർ ആണ് പൊല്ലാപ്പിൻ്റെ എല്ലാം തുടക്കം. ജില്ലകളുടെ ചുമതലയുള്ള KPCC ജനറൽ സെക്രട്ടറിമാരെ അറിയിക്കാതെയായിരുന്നു ഡിസിസി പ്രസിഡൻ്റുമാർക്കും മിഷൻ 2025 ൻ്റെ ചുമതലുള്ളവർക്കും സതീശൻ്റെ കത്ത്. പിന്നാലെ സതീശൻ്റെ പേഴ്സണൽ സെക്രട്ടറിമാരിൽ ഒരാൾ വാട്സാപ്പും ഗ്രൂപ്പും തുടങ്ങി. ഇതിലും ചാർജ്ജുള്ള KPCC ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് KC വേണുഗോപാൽ പക്ഷത്തെ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ എഐസിസിക്ക് പരാതി നൽകിയിട്ടുള്ളത്. 

KPCC നേതൃത്വം ചെയ്യേണ്ട കാര്യങ്ങൾ സതീശൻ ഏറ്റെടുക്കുന്നതിൽ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. അതേസമയം, സംഘടനാ കാര്യങ്ങൾ അല്ല സർക്കുലറിൻ്റെ ഉള്ളടക്കം എന്ന നിലപാടുള്ള സതീശൻ വാട്സാപ്പ് ഗ്രൂപ്പിൻ്റെ കാര്യത്തിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ചിട്ടുണ്ട്. തെറ്റ് തിരുത്തുമെന്ന് സതീശൻ വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. അതേസമയം, മിഷൻ 2025ൻ്റെ കാര്യങ്ങൾ തുടക്കത്തിൽ തന്നെ കല്ലുകടി ഉണ്ടായ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് എഐസിസി തന്നെ ഇടപെടും