നടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര രേഖാമൂലം പരാതി നല്‍കണമെന്നും. അങ്ങനെയെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിക്കുന്നു.
രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മന്ത്രി പറയുന്നു.സ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഗുരുതരമായ ആരോപണമാണ് രഞ്ജിത്തിനെതിരെ ബംഗാളി നടിയായ ശ്രീലേഖ ഉയര്‍ത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിനായി വിളിപ്പിച്ച തന്നെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് കഴുത്തില്‍ തലോടിയെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. മോശം പെരുമാറ്റത്തെ തുടര്‍ന്ന് പാലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാതെ താന്‍ പിറ്റേന്ന് തന്നെ മടങ്ങിപ്പോയെന്നും അവര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.