ഇ.പി. ജയരാജനെതിരായ നടപടിയില്‍ പ്രതികരണം വേണ്ടെന്നു സംസ്ഥാന ബിജെപി തീരുമാനം. ജയരാജന്‍റെ നീക്കങ്ങളറിഞ്ഞശേഷം മാത്രമായിരിക്കും പ്രതികരണമുണ്ടാകുക. പ്രകാശ് ജാവഡേക്കറും ഫോണില്‍പോലും പ്രതികരിക്കാന്‍ തയ്യാറായില്ല. ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ആക്കുളത്തെ മകന്‍റെ ഫ്ലാറ്റില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച നിര്‍ണായക നീക്കമായാണ് ബിജെപി നേതൃത്വം കണ്ടത്. സംസ്ഥാന നേതാക്കളെ പോലും അറിയിക്കാതെയായിരുന്നു കൂടിക്കാഴ്ച. രഹസ്യക്കൂടിക്കാഴ്ച പിന്നീടാണ് നേതാക്കള്‍ അറിഞ്ഞത്. ഇക്കാര്യം പുറത്തു പറഞ്ഞ ശോഭാ സുരേന്ദ്രനെ അന്നു തന്നെ പാര്‍ടി താക്കീത് ചെയ്തിരുന്നു. കൂടിക്കാഴ്ചകള്‍ പരസ്യമാക്കിയാല്‍ പിന്നെങ്ങനെ പാര്‍ടിയിലേക്കു ആളെത്തും എന്നായിരുന്നു അന്നു അഖിലേന്ത്യാ നേതൃത്വത്തിന്‍റെ ചോദ്യം.
കൂടിക്കാഴ്ച വിവരം പുറത്തറിഞ്ഞു വലിയ വിവാദമായതോടെ കാണാമെന്നു പറഞ്ഞ പലരും നിന്ന നില്‍പില്‍ മാറിക്കളഞ്ഞെന്നും നേതൃത്വം കുറ്റപ്പെടുത്തി. അതെല്ലാം കണക്കിലെടുത്താണ് ജയരാജനെതിരെയുള്ള ഇപ്പോഴത്തെ സിപിഎം നീക്കത്തില്‍ പ്രതികരണം വേണ്ടെന്നു നേതാക്കളെ പാര്‍ടി അറിയിച്ചത്. ജയരാജന്‍റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിക്കും. അതിനുശേഷം ആവശ്യമെങ്കില്‍ മാത്രം പ്രതികരണമെന്നാണ് തീരുമാനം. പ്രതികരണമാരാഞ്ഞപ്പോള്‍ കെ.സുരേന്ദ്രനും, ശോഭാ സുരേന്ദ്രനും പിന്നീടാവട്ടെ എന്നായിരുന്നു മറുപടി. മാത്രമല്ല ശോഭാ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഇ.പി.ജയരാജന്‍ അറിയിച്ചെങ്കിലും ഇതുവരെയും നോട്ടീസ് ഒന്നും കിട്ടിയില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചത്.