ടി.പി.രാമകൃഷ്ണന്‍ ഇടതുമുന്നണിയുടെ പുതിയ കണ്‍വീനര്‍. ഇ.പിയെ മാറ്റാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടി അറിയിച്ചിട്ടില്ലെന്ന് ടി.പി.രാമകൃഷ്ണന്‍. സംസ്ഥാന കമ്മിറ്റിക്കുശേഷം അങ്ങനെ തീരുമാനമുണ്ടെങ്കില്‍ അറിയിക്കും. പാര്‍ട്ടി ഏല്‍പിക്കുന്ന ജോലി ഏറ്റെടുക്കുകയാണ് പതിവെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു നാളില്‍ പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരെ കടുത്ത നടപടിയുമായി സിപിഎം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍നിന്ന് ഇ.പി.ജയരാജനെ നീക്കി. ഇ.പി– ജാവഡേക്കര്‍–ദല്ലാള്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. സ്ഥാനമൊഴിയാൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ സന്നദ്ധത അറിയിച്ചെങ്കിലും ഇപിയെ നീക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പരസ്യമായി സമ്മതിച്ച ഈ പി ജയരാജനെ മുഖ്യമന്ത്രി അന്ന് തന്നെ തള്ളിയപ്പോൾ ജയരാജനെതിരെ നടപടി പ്രതീക്ഷിക്കുന്നതാണ്. ഒടുവിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാൻ രണ്ടുദിവസം ശേഷിക്കെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജന് എതിരായ നടപടി ആലോചിക്കുകയായിരുന്നു. കൺവീനർ പദവി തെറിക്കും എന്ന് ഉറപ്പായതോടെ സ്വയം ഒഴിക്കാൻ ഇ പി സന്നദ്ധത അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് കത്ത് നൽകി. എന്നാൽ ഇ പി ജയരാജനെ നീക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. തീരുമാനം ഉറപ്പായതോടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരിലെത്തിയ ഇ പി മാധ്യമങ്ങളുടെ പ്രതികരിച്ചുമില്ല. സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിന്റെ അമർഷം ഇ പിയുടെ മുഖഭാവത്തിൽ പ്രകടമായിരുന്നു.
നിർണായകമായ തെരഞ്ഞെടുപ്പ് ദിനം രാവിലെ ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച ഇ പി പാർട്ടിയെ വെട്ടിലാക്കിയെന്ന് നേതൃത്വത്തിൽ അന്നുതന്നെ അഭിപ്രായം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന് സംസ്ഥാന സമിതികളിൽ ജയരാജനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നും നീക്കുമോ എന്ന ചോദ്യങ്ങൾക്ക് അതൊക്കെ പ്രത്യേകം പരിശോധിക്കും എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്റെ മറുപടി. പേരാമ്പ്ര എംഎൽഎയും സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി പി രാമകൃഷ്ണൻ മുന്നണി കൺവീനർ ആക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതക സമയത്ത് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു ടി പി രാമകൃഷ്ണൻ എങ്കിലും ആരോപണങ്ങൾ അദ്ദേഹത്തിന് മുകളിലേക്ക് വന്നില്ല. പിണറായി വിജയൻറെ വിശ്വസ്തൻ കൂടിയാണ് നിലവിൽ സിഐടിയു സംസ്ഥാന പ്രസിഡണ്ടും , സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് ടി പി രാമകൃഷ്ണൻ '