TOPICS COVERED

ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. ഫെയ്സ്ബുക്കിലാണ് കെ.ടി ജലീലിന്‍റെ ഈ പ്രഖ്യാപനം. അവസാന ശ്വാസം വരെ  സിപിഎം സഹയാത്രികനായി തുടരും. പാര്‍ട്ടി  നല്കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീല്‍ തവനൂരില്‍ നിന്നുള്ള എംഎല്‍എയാണ്

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..'ഇനി തെരഞ്ഞെടുപ്പിൽ മൽസരക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും  മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വർഗ്സ്ഥനായ ഗാന്ധിജി' യുടെ അവസാന അദ്ധ്യായത്തിൽ. 

എഡിജിപി അജിത്കുമാര്‍  മലപ്പുറം മുൻ എസ്.പി സുജിത് ദാസ് , ഇപ്പോഴത്തെ എസ്.പി ശശിധരന്‍ എന്നിവര്‍ക്കെതിരെ  പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളന്വേഷിക്കാന്‍ അഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ജലീല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഗൗരവമുള്ള ഏത് കേസും ഒന്നുമല്ലാതാക്കാന്‍ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ആരോപണ വിധേയരെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ തുറന്ന് കാട്ടപ്പെടേണ്ടവരാണെന്നും ജലീല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.

ENGLISH SUMMARY:

Will not contest in upcoming elections, announces KT Jaleel MLA in FB post.