പി.വി.അന്‍വറിന്റെ പരാതിയില്‍ പി.ശശിക്കെതിരായ പാര്‍ട്ടി അന്വേഷണം സ്ഥിരീകരിച്ച് സി.പി.എം. എല്ലാ വിഷയങ്ങളും അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. എ.ഡി.ജി.പിയെ മാറ്റാതെയുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തട്ടെ. തൃശൂര്‍ പൂരത്തിന് മുന്നോടിയായി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ തെളിവ് കൈവശമുള്ളവര്‍ ഹാജരാക്കട്ടെയെന്നും ടി.പി.രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.  

കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി

പി ശശിയെ മുഖ്യമന്ത്രി സംരക്ഷിച്ചാലും പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായ സംരക്ഷം കിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഎമ്മിലെ നീക്കങ്ങള്‍. ശശിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിതലത്തില്‍ ശശിക്കെതിരെ അന്വേഷണം വരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്‍വര്‍ നല്‍കിയ പരാതി സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കും. ഏതു തരത്തിലുള്ള പരിശോധന വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനസമിതിയില്‍ അന്തിമതീരമാനമുണ്ടാകും.

അതേസമയം തനിക്ക് ഭയമില്ലെന്നാണ് ദ വീക്കിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പി ശശി പ്രതികരിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി കാലമുതല്‍ വേട്ടയാടപ്പെടുന്നുവെനനും ആര്‍ക്കും പരാതി ഉന്നയിക്കാമെന്നും ശശി പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയതിനാല്‍ പി ശശിയുടെ നിലപാടുകള്‍ ബ്രാഞ്ച് സമ്മേനങ്ങളില്‍ ഉള്‍പ്പടെ ഇഴകീറി പരിശോധിക്കപ്പെടും. ഇതുകൂടി കണക്കിലെടുത്തുള്ള തുടര്‍നീക്കമാവും സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാവുക.

ENGLISH SUMMARY:

CPM confirmed the party's investigation against P. Shashi on PV Anwar's complaint.