cpi-against-shamseer
  • 'പരാമര്‍ശം ഒഴിവാക്കേണ്ടത്'
  • 'ഇടതിന് ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയരുത്
  • 'എഡിജിപി ഇടയ്ക്കിടയ്ക്ക് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്തിന്?'

ആര്‍എസ്​എസ് പ്രധാന സംഘടനയാണെന്ന സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. എന്തുകൊണ്ടാണ് ആര്‍എസ്എസ് പ്രധാനപ്പെട്ടതാകുന്നതെന്നും ഇടതുപക്ഷത്തിന് ബോധ്യപ്പെടാത്ത പ്രാധാന്യമാണതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതിന് ബോധ്യപ്പെടാത്തതൊന്നും പറയരുതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.  എഡിജിപി ആര്‍എസ്​എസ് നേതാക്കളെ ഇടയ്ക്കിടക്ക് എന്തിനാണ് കാണുന്നത്? സമ്പര്‍ക്കത്തിന്‍റെ പാലം എന്തിന് വേണ്ടിയാണും വ്യക്തത ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഷംസീറിന്‍റെ വാക്കുകള്‍ക്കെതിരെ മന്ത്രി എം.ബി രാജേഷും രംഗത്ത് വന്നിരുന്നു. മഹാത്മാഗാന്ധി വധത്തില്‍ പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍.എസ്.എസ് എന്നായിരുന്നു മന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍. തൃശൂരില്‍ അദാലത്തുമായി ബന്ധപ്പെട്ട വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി എം.ബി.രാജേഷ്, ആര്‍എസ്​എസിനെ നിരോധിച്ച കാര്യം ഓര്‍മിപ്പിച്ചത്.

 

എഡിജിപി– ആര്‍എസ്​എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ആര്‍എസ്എസ് രാജ്യത്തെ പ്രധാനസംഘടനയാണെന്നും അതിനെ ഗൗരവമായി കാണേണ്ടെന്നും അപാകതയില്ലെന്നുമായിരുന്നു ഷംസീറിന്‍റെ വാക്കുകള്‍.

2023 മേയ് 22ന് തൃശൂരില്‍ വച്ചാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല്ലയുമായി എഡിജിപി എം.ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗിക വേഷവും വാഹനവും ഒഴിവാക്കി ആര്‍എസ്എസ് നേതാവിന്‍റെ കാറിലായിരുന്നു തൃശൂരിലെ ഹോട്ടലിലെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് യാത്രയെ കുറിച്ച് വിശദീകരണം തേടിയപ്പോഴാണ് ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യം എഡിജിപി സമ്മതിച്ചത്. സ്വകാര്യ സന്ദര്‍ശനമാണിതെന്നായിരുന്നു വിശദീകരണം. പത്തു ദിവസത്തെ ഇടവേളയില്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ചിന്താശിബിരത്തില്‍ വച്ച് മറ്റൊരു ആര്‍എസ്എസ് നേതാവായ റാം മോഹനുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ENGLISH SUMMARY:

CPI has sharply criticized CPM leader A.N. Shamseer's comment that RSS is a major organization. CPI State Secretary Binoy Viswam says that the left does not see RSS as important organisation and such statements should be avoided.