ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടികള്‍ വൈകിയത് ജസ്റ്റിസ് ഹേമയുടെ കത്തിനെ തുടര്‍ന്നാണെന്ന് മുന്‍മന്ത്രി എ.കെ.ബാലന്‍. മൊഴികള്‍ രഹസ്യമാക്കി വയ്ക്കണമെന്ന ഹേമയുടെ കത്തിനെ മറയാക്കിയാണ് ബാലന്‍ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകിയത്. 2021 ല്‍ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ബാലന്‍റെ പ്രതികരണം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങളില്‍ സര്‍ക്കാരിന് മറുപടിയുണ്ടോയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. ചോദിച്ചു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് കോടതിയും ചൂണ്ടിക്കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെ പറ്റി അന്വേഷണ സംഘം അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് തന്നെ കുറ്റമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സർക്കാരിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനാണ് സമിതിയെ നിയോഗിച്ചത് എന്നായിരുന്നു സർക്കാർ നിലപാട്. റിപ്പോര്‍ട്ട് 2021ൽ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പക്ഷേ ഡിജിപി നടപടി സ്വീകരിച്ചില്ല. റിപ്പോർട്ടിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ വാദിച്ചു. റിപ്പോർട്ടിൽ ബലാൽസംഗം, പോക്സോ അടക്കമുള്ള കുറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും അതിനാൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ട് ലഭിച്ച് വർഷങ്ങളായിട്ടും ചെറുവിരൽ അനക്കാതിരുന്ന സർക്കാരിന്‍റെ നിഷ്ക്രിയത്വം ആശ്ചര്യപ്പെടുത്തുന്നതാണ്. വിഷയങ്ങളിൽ ഉടനടി നടപടി സ്വീകരിക്കുക എന്നതാണ് നല്ല ഭരണത്തിന്‍റെ ലക്ഷണമെന്നും ഹൈക്കോടതി തുറന്നടിച്ചു.