TOPICS COVERED

ബിജെപി ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരണമെന്ന പ്രഖ്യാപനത്തില്‍ സിപിഎമ്മിനെ കബളിപ്പിച്ച് ജനതാദള്‍-എസ്. ജെ.ഡി.എസ് എന്ന് പേര് ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചിട്ട് നാളെ മൂന്ന് മാസമാവുമ്പോഴും പാര്‍ട്ടി രൂപീകരണം എങ്ങുമെത്തിയിട്ടില്ല. പുതിയ പാര്‍ട്ടിക്കായുള്ള വിവിധ പേരുകളും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം.

ജെഡിഎസ് അധ്യക്ഷന്‍ മാത്യൂ ടി തോമസ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് ജൂണ്‍ 18നാണ്. അതായത് നാളെ കൃത്യം മൂന്ന് മാസമാവും. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസ് കേരളത്തില്‍ എല്‍ഡിഎഫില്‍ തുടരുന്നത് വിമര്‍ശനവിധേയമായതോടെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടായത്. എന്നാല്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ രാജിവെയ്പ്പിക്കാതിരിക്കാനുള്ള തന്ത്രം മാത്രമായിരുന്നോ പാര്‍ട്ടി പ്രഖ്യാപനം എന്ന സംശയമുണ്ടാക്കുന്നതാണ് പിന്നീടുള്ള  മെല്ലപ്പോക്ക് . 

പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് മൂന്ന് മാസമാകാറായിട്ടും തുടര്‍നടപടി എന്തെന്ന് തീരുമാനിക്കാന്‍ നേതൃയോഗം പോലും പിന്നീട് വിളിച്ചിട്ടില്ല.  എന്നാല്‍ ജനപ്രതിനിധികളായ നേതാക്കന്‍മാര്‍ക്ക്  പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി നീങ്ങാനാവില്ല. പദവികളില്ലാത്ത പ്രവര്‍ത്തകരാണ് ഇതിന് വേണ്ടി ശ്രമിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം.

 അഞ്ചു പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി കിട്ടിയാലെ പാര്‍ട്ടി പ്രഖ്യാപനം ഔദ്യോഗികമായി നടക്കൂ എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരി പാര്‍ട്ടി രൂപീകരണം നീട്ടികൊണ്ടു പോവുകയാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിന്‍റെ ലക്ഷ്യമെന്ന് വികാരം പാര്‍ട്ടി നേതാക്കളില്‍ ശക്തമാണ്.  

ENGLISH SUMMARY:

JDS New Party Formation Under Crisis