മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പറയുന്ന അന്വേഷണങ്ങള്‍ക്ക് ഇനിയെന്ത് പ്രസക്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിവരാവകാശരേഖ പുറത്തുവിട്ടതോടെ വഴിവിട്ട നീക്കങ്ങള്‍ പുറത്താകുന്നു. പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ അടക്കം പങ്ക് പുറത്തുവരും. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെക്കുറിച്ചായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം.
അതേസമയം, പൂരം കലക്കിയതില്‍ അന്വേഷണമില്ലെന്ന പൊലീസിന്റെ വിവരാവകാശ റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ടതോടെ സര്‍ക്കാരുമായി കൂടുതല്‍ ഇടഞ്ഞ് സി.പി.ഐ. ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നൂവെന്ന് വി.എസ്.സുനില്‍കുമാര്‍ കുറ്റപ്പെടുത്തിയപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കെ.രാജന്‍ ആവശ്യപ്പെട്ടു. പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് കെ.മുരളീധരന്‍. ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിച്ചെന്ന് അജിത്കുമാറിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.
അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിലെ കടുത്ത നിരാശയും പ്രതിഷേധവുമെല്ലാം പ്രകടമാക്കിയാണ് സി.പി.ഐ ഇന്നലെ മുഖപത്രത്തില്‍ എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലേഖനം എഴുതിയത്. അതിന്റെ പിറ്റേദിവസം, സി.പി.ഐ അഞ്ച് മാസമായി ആവശ്യപ്പെടുന്ന പൂരം അന്വേഷണം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊലീസ് നല്‍കിയ വിവരാവകാശ മറുപടി പുറത്തുവന്നതോടെ, അവഗണിക്കപ്പെടുന്നൂവെന്ന തോന്നല്‍ സി.പി.ഐയില്‍ ശക്തമായി. തനിക്കറിയാവുന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് വരെയുള്ള സുനില്‍കുമാറിന്റെ പ്രതികരണം കടുത്ത പ്രതിഷേധത്തിന്റെ സൂചനയാണ്.
വിവരാവകാശ രേഖയേക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച മന്ത്രിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അന്വേഷണമില്ലാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയും എ.ഡി.ജി.പി അജിത്കുമാറും തമ്മിലുള്ള ഒത്തുകളിയെന്നതിലേക്ക് തിരിക്കുകയാണ് കോണ്‍ഗ്രസ്. പൂരം അന്വേഷണം അജിത്കുമാറിനെ ഏല്‍പ്പിച്ചത് തന്നെ അട്ടിമറിയെന്നാണ് സുേരഷ് ഗോപിയുടെ നിലപാട്. സര്‍ക്കാര്‍ നടപടികള്‍ക്ക് സമയമെടുക്കുമെന്ന് ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഒഴിഞ്ഞുമാറി.