pv-anwar-2209

TOPICS COVERED

പി.വി.അന്‍വര്‍ എം.എല്‍.എയെ തള്ളി സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ഫെയ്സ്ബുക്കില്‍ പങ്കുവച്ച് സി.പി.എം നേതാക്കള്‍. പോസ്റ്റിനുതാഴെ പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാട് തള്ളി ഇടത് പ്രൊഫൈലുകളില്‍നിന്നും കമന്‍റുകള്‍ നിറയുകയാണ്. അന്‍വറാണ് ശരിയെന്ന് സൈബര്‍ സഖാക്കള്‍ പറയുമ്പോള്‍ അന്‍വറിന്‍റേത് ശരിയായ നിലപാടല്ലെന്ന് പി.ബി.അംഗം എ.വിജയരാഘവന്‍ പ്രതികരിച്ചു. 

 

മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ.റഹീം എം.പി എന്നിവരാണ് സിപിഎമ്മിന്‍റെ പ്രസ്താവന ഫെയ്സ്ബുക്ക് പേജില്‍ ആദ്യം പോസ്റ്റുചെയ്തത്. അഭിപ്രായം പറയാനെത്തിയ സൈബര്‍ സഖാക്കള്‍ പാര്‍ട്ടിയെ കൂട്ടത്തോെട തള്ളിപ്പറയുന്നു. പാര്‍ട്ടിയാണ് വലുത് പിണറായി അല്ല, പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങള്‍ എടുക്കേണ്ടത് ‘തുടങ്ങി നേരിനൊപ്പം അന്‍വറിനൊപ്പം’ എന്ന ടാഗ്‌ലൈന്‍ വരെ സൃഷ്ടിച്ചു അവര്‍. സാധാരണ സഖാക്കള്‍ പറയാന്‍ ഉദ്ദേശിച്ചതാണ് അന്‍വര്‍ പറയുന്നതെന്ന പൊതുവികാരം മിക്കവയിലുമുണ്ട്. 

പാര്‍ട്ടിക്കൊടി താഴെവച്ചാണ് സൈബറിടത്തില്‍ പലരും അന്‍വറിനെ പിന്തുണയ്ക്കാനെത്തിയതെന്ന് വ്യക്തം. എന്നാല്‍ സൈബര്‍ ലോകത്തെ ഈ അന്‍വര്‍ പിന്തുണ പാര്‍ട്ടി കണക്കിലെടുക്കുന്നില്ല. യുവജനങ്ങളും ഒപ്പമുണ്ടെന്നാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിക്കുപിന്നാലെ പാര്‍ട്ടിയും പരസ്യമായി കൈവിട്ടതിനാല്‍ അഞ്ജാതരായ സൈബര്‍ സഖാക്കളുടെ പിന്തുണയിലേക്ക് ചുരുങ്ങുന്നു പി.വി.അന്‍വര്‍.