പി.വി. അന്‍വറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിലിട്ട പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പിന്‍വലിച്ച് മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇക്ബാല്‍ മുണ്ടേരി. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാമെന്ന് പറഞ്ഞായിരുന്നു പോസ്റ്റിന്‍റെ തുടക്കം. നേതൃത്വം അറിയാതെയുള്ള പ്രതികരണമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇക്ബാലിനെ തള്ളി. പിന്നാലെ ഇക്ബാല്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി. 

 

മുഖ്യമന്ത്രി തള്ളിയതോടെ അനിശ്ചിതത്വത്തിലായതാണ് പി വി അന്‍വറിന്‍റെ രാഷ്ട്രീയ ഭാവി. ഇടതുപാളയത്തില്‍ അന്‍വറിന് ഇനി സീറ്റുണ്ടാകുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് അന്‍വറിനെ പിന്തുണച്ച് മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് രംഗത്തെത്തിയത്. ലീഗിന്‍റെയും യുഡിഎഫിന്‍റെയും നിലപാട് സത്യമാണെന്ന് തിരിച്ചറിഞ്ഞ്  കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ തയ്യാറാവുന്ന ഘട്ടം വരുമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം ഫേസ് ബുക്ക് പോസ്റ്റിന്‍റെ വിവരം അറിയില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

 

ഇക്ബാല്‍ മുണ്ടേരി അന്‍വറിനെ സ്വാഗതം ചെയ്തു എന്ന വാര്‍ത്ത വ്യാജമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമും ഫേസ്ബുക്കില്‍ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളിലുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തുളള എംഎല്‍എയ്ക്ക് ക്വട്ടേഷന്‍ കൊടുത്തു, ഇത് സി.പി.എമ്മിലെ ഭിന്നതയാണ് പുറത്തുവരുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. അതേസമയം പി വി അന്‍വര്‍ തെറ്റു തിരുത്തി വന്നാല്‍ കോണ്‍ഗ്രസില്‍ എടുക്കുന്നത് ആലോചിക്കാം എന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം.

 

അണികൾക്കിടയിൽ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് മുക്കി മുങ്ങിയ മട്ടാണ് ഇക്ബാല്‍ മുണ്ടേരി. ഇക്ബാലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

ENGLISH SUMMARY:

Muslim league nilamboor assembly president iqbal munderi invites pv anwar to party