ഫയല്‍ ചിത്രം

പി.വി.അന്‍വറിന്‍റെ കടന്നാക്രമണത്തെ നേരിടാനുറച്ച് സിപിഎം. പിണറായിയേയും പാര്‍ട്ടിയേയും പരസ്യമായി അപമാനിച്ച അന്‍വറിന് ഇനി രാഷ്്ട്രീയ എതിരാളിയുടെ പരിഗണനമാത്രമെന്ന്് സിപിഎം തീരുമാനം. പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വര്‍ മാറുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. 

അന്‍വറിനെ സി.പി.എം ആക്രമണം തുടങ്ങിയത് വ്യക്തമാക്കുന്നതാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ എഫ്ബി പോസ്റ്റ്. അന്‍വറിന്‍റെ പേര് പറയാതെ ഉത്തരം താങ്ങുന്ന പല്ലിയോടാണ് ഡിവൈഎഫ്ഐ അന്‍വറിനെ പരിഹസിച്ചിരിക്കുന്നത്.  താന്‍ താങ്ങുന്നത് കൊണ്ടാണ് ഉത്തരം നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകാമെന്ന് അന്‍വറിന്‍റെ പേര് പറയാതെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് വിമര്‍ശിച്ചു. അന്‍വറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്ന് എം.സ്വരാജ് പ്രതികരിച്ചു. 

രണ്ടുമണിക്കൂര്‍ വാര്‍ത്താസമ്മേളനത്തിലൂടെ പിണറായിയുടെ പ്രതിച്ഛായ പി.വി.അന്‍വര്‍ തച്ചുടച്ചത് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും മുഖത്തേറ്റ അടിയായി. അന്‍വര്‍ മുഖ്യമന്ത്രിയെ ഒരു സൈബര്‍ ഇടത്തിലെ ലാഘവത്തില്‍ പൊങ്കാലയിട്ടതോടെ അന്‍വറിനെ ഇടതുപാളത്തില്‍ നിന്ന് അകറ്റുകയാണ് സിപിഎം. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലേക്ക് അന്‍വറിനെ ക്ഷണിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ തീരുമാനിച്ചു. 

രാഷ്്ട്രീയ എതിരാളിയെ പോലെ അന്‍വറിനെ തള്ളുക മാത്രമാണ് ഇനിയുള്ള ഏകവഴി. പരസ്യപ്രസ്താവന പാടില്ലെന്ന് ഇന്നലെ അന്‍വറിനെ മുന്നറിപ്പ് നല്‍കി എം.വി ഗോവിന്ദന്‍ ഇത്രയും കടന്നാക്രമണം അന്‍വര്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടതുപക്ഷ എം.എല്‍.എയില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല അന്‍വറിന്‍റെ പരാമര്‍ശങ്ങളെന്ന് എ.വിജയരാഘവന്‍റെ പ്രതികരണം ക്ഷീണിതമായ ശരീര ഭാഷയോടെയായിരുന്നു. 

പിണറായി എന്ന സൂര്യന്‍ കെട്ടുപോയെന്ന് അന്‍വറിന്‍റെ പരാമര്‍ശത്തെ പ്രതിരോധിക്കുകയാണ് പാര്‍ട്ടിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കൈയിലെന്ന് ടി പി രാമകൃഷ്ണന്‍ തുറന്നടിച്ചു.പാര്‍ട്ടിക്ക് ഇത്തരത്തില്‍  അന്‍വറിനെ പ്രതിരോധിക്കാമെങ്കിലും അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ സമ്മേളനകാലത്ത് പാര്‍ട്ടിയെ പിടിച്ചു കുലുക്കും. അന്‍വറിന്‍റെ പിന്നില്‍ ആരുമില്ലെന്ന് വിശ്വസിച്ചിരുന്ന സിപിഎമ്മിന് പാര്‍ട്ടിയുടെ ക്യാപ്റ്റനെ കടന്നാക്രമിക്കാന്‍ ധൈര്യം പകര്‍ന്നത് ആരെന്ന ചോദ്യം അലട്ടും.

ENGLISH SUMMARY:

CPM to face PV Anwar's attack