പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പാര്‍ട്ടിയേയും എല്‍ഡിഎഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആരോപണങ്ങള്‍ . ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. അത് നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. Also Read: ഉയര്‍ന്ന സിപിഎം നേതാക്കളുടെ പിന്തുണയുണ്ട്; പോരാട്ടം തുടരും: പി.വി.അന്‍വര്‍
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കേണ്ടതുണ്ട് . മാധ്യമപ്രവര്‍ത്തകര്‍ക്കും ഒട്ടേറെ ചോദ്യങ്ങളുണ്ട് . അത് മറ്റൊരവസരത്തില്‍ വിശദമായി പറയും. പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ എന്താണെന്ന് സംശയമുണ്ടായിരുന്നു . എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മികച്ച സംവിധാനം ഏര്‍പ്പെടുത്തി. അതില്‍ അദ്ദേഹം തൃപ്തനല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Also Read: അന്‍വറിനെ കടന്നാക്രമിച്ച് സിപിഎം; മുഖ്യമന്ത്രിയെ കണ്ട് ഗോവിന്ദന്‍
സംശയിച്ചിരുന്നതിലേക്ക് തന്നെ കാര്യങ്ങള്‍ എത്തി. അദ്ദേഹം പര്‍ട്ടിക്കും സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെയാണ് സംസാരിച്ചത്. എല്‍ഡിഎഫിന്‍റെ ശത്രുക്കള്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ഇതില്‍ നിന്ന് ഉദ്ദേശ്യം വ്യക്തമാണ് . അദ്ദേഹം അത് തുറന്ന് പറയുകയും ചെയ്തു . എല്‍ഡിഫില്‍ നിന്ന് വിടുന്നു. യോഗങ്ങളില്‍ പങ്കെടുക്കില്ല. എല്ലാം വ്യക്തമാക്കി കഴിഞ്ഞു . ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായമറുപടി നല്‍കുമെന്നും മുഖ്യമന്ത്രി അറയിച്ചു.
മുഖ്യമന്ത്രി പറഞ്ഞത്
തനിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം പറയുമെന്നും നിങ്ങള്‍ ബേജാറാവേണ്ടെന്നുമായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞത്. പിണറായിയുടെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെ.. പി.വി. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണതിന്‍റെ പിന്നിലെന്ന സംശയങ്ങളുണ്ടായിരുന്നു. എന്നാലതിന്‍റെ പിന്നിലേക്കൊന്നുമല്ല ഞങ്ങള്‍ ആ ഘട്ടത്തില്‍ പോയത്. ഒരു എംഎല്‍എ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തില്‍ അന്വേഷിക്കാവുന്നതില്‍ ഏറ്റവും മികച്ച അന്വേഷണസംവിധാനം ഏര്‍പ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞിട്ടുണ്ട്.
ഇത് നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. അദ്ദേഹം പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞിട്ടുള്ളത്. മാത്രമല്ല എല്‍ഡിഎഫിന്‍റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെ പറയുന്നതും നാം കേട്ടു. വ്യക്തമാണ്.. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു, സ്വയമേവ പ്രഖ്യാപനവും നടത്തി. എല്‍ഡിഎഫില്‍ നിന്നും വിട്ടുനില്‍ക്കുന്നു, നിയമസഭാ പാര്‍ട്ടിയില്‍ പങ്കെടുക്കില്ല.. അപ്പോള്‍ എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതായിട്ടുണ്ട്. നിങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനും അറിയാനുമുണ്ടാകും. ആ കാര്യങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. വിശദമായി തന്നെ പിന്നീടൊരുഘട്ടത്തില്‍ പ്രതികരിക്കുന്നതാണ്. ഇപ്പോള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരെ ഉന്നയിച്ച എല്ലാ അന്‍വറിന്‍റെ ആരോപണങ്ങളും തള്ളിക്കളയുകയാണ്.
അത് പൂര്‍ണമായും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന‍്റ ഭാഗമായി വന്ന ആരോപണങ്ങളായേ കണക്കാക്കാന്‍ പറ്റുകയുള്ളൂ. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കുന്നതല്ല. അത് കൃത്യമായും നിഷ്പക്ഷമായി അന്വേഷണം തുടരുക തന്നെ ചെയ്യും. ഇത്രയുമാണ് ഇപ്പോള്‍ പറയുന്നത്'. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയതെന്നും മകള്‍ക്കെതിരെ ആരോപണമുണ്ടെന്നും പാര്‍ട്ടിക്കാര്‍ പോലും വെറുക്കുന്നു, ആ സൂര്യന്‍ അസ്തമിച്ചുവെന്നുമുള്ള അന്‍വറിന്‍റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'എല്ലാം പറയും നിങ്ങള് ബേജാറാവണ്ട എന്നായിരുന്നു ചിരിച്ചു കൊണ്ട് പിണാറായിയുടെ മറുപടി.