പി.വി.അന്‍വര്‍ വിഷയത്തില്‍ മുസ്ലിം  ലീഗ് നിലമ്പൂരില്‍ വിളിച്ച പൊതുയോഗം നേതൃത്വം മുടക്കി. കെ.എം.ഷാജിയെ പങ്കെടുപ്പിക്കാനായിരുന്നു നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. അതേസമയം, അനുമതി നിഷേധിച്ച നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ കടുത്ത  വിമര്‍ശനം ഉയരുകയാണ്. എന്നാല്‍ നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണം ലീഗ് നേതൃത്വം നിഷേധിച്ചിട്ടുമുണ്ട്. 

അതിനിടെ, പി.വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി   വീണ്ടും സിപിഎം. അൻവറിന് സ്ഥാപിത താൽപര്യമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിമര്‍ശനം. സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ അൻവർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ്. സാമാന്യ മര്യാദ പാലിക്കാതെയാണ് പരസ്യപ്രസ്താവന നടത്തിയതെന്നും പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെയാണ് അൻവറിന്റെ നീക്കമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.  ഇതൊന്നും കൊണ്ട് പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു. 

ENGLISH SUMMARY:

The political explanation meeting regarding the PV Anwar row, called by the Muslim League in Nilambur, has been canceled. The Nilambur constituency committee decided to invite KM Shaji, but the leaders interrupted the meeting.