മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം പുറത്തുവിട്ട് പി.വി.അന്‍വര്‍. പതിമൂന്ന് പേജോളം നീളുന്ന പരാതിയില്‍ പലയിടങ്ങളിലായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പല കേസുകളിലും പങ്കുണ്ടെന്ന് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പര്‍ പി. ശശി വാങ്ങുന്നുവെന്നും കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്തുവെന്നാണ് കത്തിലെ എട്ടാമത്തെ ആരോപണത്തില്‍ രണ്ടാമതായി പറയുന്നത്.
ശൃംഗാരഭാവത്തില്‍ പി. ശശി സംസാരിച്ചതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ കോളുകള്‍ എടുക്കാതായ പരാതിക്കാരിയെ തനിക്കറിയാമെന്നും അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നാണക്കേടും മാനക്കേടും വൈകാതെ നേരിടേണ്ടി വരുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കക്ഷി നില്‍ക്കുന്നുവെന്നും ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങിയെന്നും കമ്മിഷന്‍ കൈപറ്റുന്നുവെന്നും അന്‍വര്‍ ആരോപിക്കുന്നു. സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് താന്‍ പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തിലെ അഭ്യര്‍ഥന.
അതേസമയം, എല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു പി. ശശി ഈ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്.