cm-thrissurpooram
  • സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം നടന്നു
  • നീക്കങ്ങള്‍ ആസൂത്രിതം ആയിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു
  • ഗൂഢാലോചനയും പൊലീസ് വീഴ്ചയും പ്രത്യേകം അന്വേഷിക്കും

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എ.ഡി.ജി.പിക്ക്  വീഴ്ചയുണ്ടെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനച്ചെങ്കിലും എം.ആര്‍ അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി . പൂരം അലങ്കോലപ്പെടുമ്പോള്‍ എഡിജിപി തൃശൂരില്‍ ഉണ്ടായിരുന്നു . എന്നാല്‍ അദ്ദേഹം അവിടെ എത്തിയില്ല. അതുസംബന്ധിച്ച് ഒരു പരിശോധന  നടന്ന് എന്താണ് ഉണ്ടായ വീഴ്ച  എന്ന് കൃത്യമായി മനസിലാക്കണം .അതിനായി ഡിജിപിയെ തന്നെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

Read Also: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം; എഡിജിപിയെ മാറ്റില്ല

തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമം,  അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.വെങ്കിടേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനയും നിയോഗിച്ചു .  ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിജിപി റിപ്പോര്‍ട്ട് ചെയ്തു. അതേക്കുറിച്ച് പരിശോധിച്ച് ഡിജിപി തന്നെ റിപ്പോര്‍ട്ട് നല്‍കുമന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്‍റെ തനതായ സാംസ്കാരിക അടയാളമായാണ് തൃശൂര്‍പൂരത്തെ കാണുന്നത്. മതസൗഹാര്‍ദവും സഹവര്‍ത്തിത്വവും വിളിച്ചോതുന്ന രാജ്യാന്തര സാംസ്കാരിക പൈതൃകോല്‍സവമായാണ് കൊണ്ടാടുന്നത്. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍‍ത്തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. അതില്‍ ഒന്ന് പരം പ്രദര്‍ശനത്തിന്‍റെ കാര്യത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ടതായിരുന്നു ആ വിഷയം. അത് ഗൗരവമുള്ള പ്രശ്നമായി ഉയര്‍ന്നുവന്നു. അതില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി. ദേവസ്വങ്ങളെല്ലാം അതില്‍ സംതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്‍റെ ഇടപെടലിനെ നല്ല രീതിയില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. 

യഥാര്‍ഥത്തില്‍ പൂരത്തിന്‍റെ അവസാനഘട്ടത്തിലാണ് ചില വിഷയങ്ങള്‍ അവിടെ ഉണ്ടായത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി എന്നത് സര്‍ക്കാര്‍  ഗൗരവത്തോടെ കണ്ടു അങ്ങനെയാണ് സമഗ്രമായ അന്വേഷണം വേണമെന്ന് നിശ്ചയിക്കുകയും എഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തത്. അന്വേഷണറിപ്പോര്‍ട്ട് സെപ്തംബര്‍ 23നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. അത് സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രിക്ക്  ലഭിച്ചു.അതൊരു സമഗ്രമായ അന്വേഷണറിപ്പോര്‍ട്ടായി കരുതാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ പൂരംനടത്തിപ്പുമായി ബന്ധപ്പെട്ട് അവിടെ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സ്ഫോടകവസ്തു നിയമം ഉള്‍പ്പെടെയുള്ള റഗുലേഷനുകള്‍, വകുപ്പുതല മാര്‍ഗനിര്‍ദേശങ്ങള്‍, പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍, മറ്റ് നിയമപരമായ നിബന്ധനകള്‍, ഹൈക്കോടതി ഉത്തരവുകള്‍ തുടങ്ങിയവയൊക്കെ നിലവിലുണ്ട്. ഇതെല്ലാം വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ളതാണ്. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങളായാണ് ഇതിനെ കാണുന്നത്. അങ്ങനെ സംശയിക്കാനുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഗൗരവമായി അന്വേഷിക്കേണ്ടതാണെന്ന് കണ്ടു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ നീക്കം നടന്നു.

ആവശ്യങ്ങളുന്നയിക്കുമ്പോള്‍ നിയമപരമായി അനുവദിക്കാന്‍ കഴിയാത്തതെന്ന് പൂര്‍ണ ബോധ്യമുള്ളത് ബോധപൂര്‍വം ഉന്നയിക്കുക, അതിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കുക, തുടങ്ങി ഒട്ടേേറെ കാര്യങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. 

അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയില്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനമൊരുക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ സാമൂഹികാന്തരീക്ഷത്തെ ആകെ ബാധിക്കുന്ന ഒരു കുല്‍സിത ശ്രമവും അുവദിക്കാനാവില്ല. ആഘോഷവും ഉല്‍സവവും മാത്രമായി ചുരുക്കിക്കാണേണ്ടതല്ല. കേരളസമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമായാണ് ഇതിനെ  സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

There was a deliberate attempt to subvert the social atmosphere during the thrissur Pooram; Chief Minister