മുഖ്യമന്ത്രിയുടെ വിവാദമായ 'മലപ്പുറം'പരാമര്‍ശം നേരത്തെതന്നെ വിവിധ മാര്‍ഗങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നെന്ന് വ്യക്തമാകുന്നു. സെപ്റ്റംബര്‍  13ന് ഡല്‍ഹിയില്‍ പ്രചരിപ്പിച്ച അജ്ഞാതവാര്‍ത്താക്കുറിപ്പിലെ കണക്കുകള്‍ തലേദിവസം പൊലീസ് വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.  വിവാദഭാഗം 'ദ് ഹിന്ദു' പത്രത്തിനു കൈമാറിയ സുബ്രഹ്മണ്യന്‍റെ പിതാവ് ദേവകുമാറുള്‍പ്പെടെ ഫെയ്സ്ബുക്കിലും സമാന വിവരം പ്രചരിപ്പിച്ചു.  പരാമര്‍ശത്തിനുപിന്നില്‍‌ ഗൂഢാലോചനയെന്ന സംശയമാണ് ശക്തമാവുന്നത്.

Read Also: അഭിമുഖത്തിനിടെ ഒരാള്‍ കൂടിവന്നു; ആരെന്നറിയില്ല: ആ മൂന്നാമനാര്?

കഴിഞ്ഞമാസം 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പൊലീസിന്‍റെ സ്വര്‍ണ, കള്ളപ്പണവേട്ടയുടെ കണക്കുകള്‍ വിവരിച്ചത്. അതിന് ഒരാഴ്ചമുമ്പ് സെപ്റ്റംബര്‍ 12ന് സമാന കണക്കുകള്‍ കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക പേജില്‍ പ്രസിദ്ധീകരിച്ചു. അടുത്തദിവസം ഇതേ കണക്കള്‍ നിരത്തിയുള്ള വാര്‍ത്താക്കുറിപ്പ് ഉറവിടമില്ലാതെ ഡല്‍ഹിയില്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കുമാത്രം ലഭിച്ചു.  സ്വര്‍ണക്കടത്തും ഹവാലപ്പണവും കൂടുതലും പിടിക്കപ്പെട്ടത് മലപ്പുറത്താണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. സ്വര്‍ണകടത്തുമാഫിയയെ അമര്‍ച്ചചെയ്യുന്നതാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും വിശീദകരണം. അജ്‍‍ഞാത വാര്‍ത്താക്കുറിപ്പിലെ കണക്കുകവും വിവാദ ഭാഗവും തന്നെയാണ് മുഖ്യമന്ത്രിയുടേതെന്ന പേരില്‍ ദ ഹിന്ദു അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടത്.  

അഭിമുഖത്തിന് ഇടനില ടി.ഡി.സുബ്രഹമണ്യന്‍റെ പിതാവും ഹരിപ്പാട് മുന്‍എം.എല്‍,എയുമായ ടി.കെ,ദേവകുമാര്‍ മൂന്നുദിവസം ഫേസ്ബുക്കിലും സമാന കണക്കുകളും വാര്‍ത്തകളും പങ്കുവച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പിനു മിനിറ്റുകള്‍ക്കുമുമ്പാണ് ഫേസ്ബുക്ക് പോസ്റ്  അപ്രത്യക്ഷമായി.  

അതായത് വിവാദപരാമര്‍ശവും അനുബന്ധ കണക്കുകളും പ്രചരിപ്പിക്കാന്‍ ദിവസങ്ങളെടുത്തുള്ള ആസൂത്രിത നീക്കം നടന്നെന്ന് വ്യക്തം.  സൂത്രധാരനാര് എന്നാണ് ഇനിയറിയേണ്ടത്.  അതറിയാനുള്ള അന്വേഷണത്തിന് നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.