എഡിജിപി: എം.ആര്‍.അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകിട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ പൊലീസ് ആസ്ഥാനത്ത് യോഗം ചേരുന്നു. ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലും ചില കേസുകളുടെ മേല്‍നോട്ടത്തിലും അജിത്കുമാറിന് വീഴ്ച സംഭവിച്ചതായി ഡി.ജി.പി കുറ്റപ്പെടുത്തിയേക്കും. അതേസമയം പൂരം കലക്കലില്‍ പൊലീസിന് വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയ അജിത്കുമാറിന്റെ നിലപാടിനോട് മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷമുള്ളതായി സൂചനയുണ്ട്.
Read Also: പൂരം കലക്കല്‍: എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷം
അജിത്കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സി.പി.ഐ അവകാശപ്പെട്ടതോടെ എല്ലാ കണ്ണുകളും ഇനി ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലേക്കാണ്. ഇന്നലെ രാത്രി വൈകിയും റിപ്പോര്‍ട്ടിന്റെ പണിപ്പുരയിലായിരുന്നു ഡി.ജി.പിയും കൂട്ടരും. ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും അന്വേഷണസംഘം യോഗം ചേര്‍ന്ന് അന്തിമരൂപമാക്കിയ ശേഷം മുഖ്യമന്ത്രിക്ക് കൈമാറും. ആര്‍.എസ്.എസ് കൂടിക്കാഴ്ച സ്വകാര്യസന്ദര്‍ശനമെന്ന അജിത്കുമാറിന്റെ വാദം ഡി.ജി.പി തള്ളും. കൂടിക്കാഴ്ച മറച്ചുവെച്ചതിലടക്കം ജാഗ്രതക്കുറവുണ്ടായെന്നും ആര്‍.എസ്.എസ് നേതാക്കള്‍ മൊഴി നല്‍കാത്തതിനാല്‍ കൂടിക്കാഴ്ചയുടെ കാരണം ദുരൂഹമെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയേക്കും.
മാമി തിരോധാനം ഉള്‍പ്പടെയുള്ള കേസുകളുടെ മേല്‍നോട്ടത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയേക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടുള്ളതിനാല്‍ തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചകളാരംഭിക്കും മുന്‍പ് അജിത്കുമാറിനെ മാറ്റിയേക്കും. ആരോപണ പെരുമഴയും ഒന്നിന് പിറകെ ഒന്നായി നാല് അന്വേഷണം നേരിട്ടിട്ടും സംരക്ഷിച്ച അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിട്ട് തുടങ്ങുന്നതിന്റെ സൂചന ഇന്നലെ മന്ത്രിസഭയിലെ കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി നല്‍കി. പൊലീസിന് ക്ളീന്‍ചിറ്റ് നല്‍കി പൂരം റിപ്പോര്‍ട്ട് തയാറാക്കിയതിലാണ് മുഖ്യമന്ത്രിക്ക് അജിത്കുമാറിനോട് അതൃപ്തി. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന കണ്ടെത്തലിനോട് യോജിക്കാനാവില്ലെന്നും പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. അജിത്കുമാറിനെ മാറ്റുമെന്ന സി.പി.ഐയുടെ പ്രതീക്ഷക്ക് ഇതും കാരണമാണ്.