മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരിധികള്‍ വിട്ട് നിയമസഭയില്‍ ഏറ്റുമുട്ടി. നിങ്ങളുടെ ചുറ്റും അവതാരങ്ങളാണെന്ന് മുഖ്യമന്ത്രിയോട് വി.ഡി.സതീശന്‍ പറഞ്ഞു. ജനങ്ങള്‍ നിങ്ങളെപ്പറ്റി എന്ത് പറയുന്നു എന്ന് നിങ്ങള്‍ക്കറിയില്ലെന്നും സതീശന്‍ വ്യക്തമാക്കി.
അതിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സതീശനല്ല പിണറായി വിജയനെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതുമനസിലാക്കിയാല്‍ മതിയെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ സഭാ ടിവിയില്‍ ശബ്ദമുണ്ടായിരുന്നില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി
മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാതെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് വി.ഡി.സതീശന് നിലവാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. സഭയില്‍ പറഞ്ഞതില്‍ ചിലതുമാത്രം രേഖയായില്ല. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് പറഞ്ഞത് സഭാ രേഖകളില്‍നിന്ന് നീക്കി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നീക്കിയതുമില്ല.