വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ഹരിയാനയിൽ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി . എന്നാല്‍ പിന്നീടായിരുന്നു ട്വിസ്റ്റ് . പകുതിയോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും ലീഡ് നില മാറിമറിഞ്ഞു . ബിജെപി മുന്നേറി. ഒടുവില്‍ കേവലഭൂരിപക്ഷവും പിന്നിട്ടു. ജമ്മുകശ്മീരിൽ നാഷനൽ കോണ്‍ഫ്രണ്‍സിന്‍റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. എൻസി 40 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 7 സീറ്റിലാണ് മുന്നിലുള്ളത്. എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് പ്രവചിപ്പിച്ചപ്പോഴും ബി.ജെ.പി ആത്മവിശ്വാസത്തിലായിരുന്നു.
ഇതിനിടെ സൈബര്‍ വാളുകളില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നേതാക്കള്‍ രംഗത്തെത്തി. കുരുക്ഷേത്ര ഭൂമിയുമെല്ലാം ഇനി കോൺഗ്രസിനൊപ്പം, 'ഇന്ത്യ'ക്കൊപ്പം എന്നാണ് വി.ടി. ബൽറാം ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് മുക്കേണ്ടി വരുമോ എന്ന് ബൽറാമിന്‍റെ പോസ്റ്റിന് താഴെ വന്ന കമന്‍റിന് അങ്ങനെയുണ്ടാവുയാണെങ്കിൽ അതിൽ സന്തോഷിക്കുന്നവർ ആരൊക്കെ എന്നു കൂടി നാട് അറിയട്ടെ എന്ന് വി.ടി. ബൽറാം മറുപടി കൊടുത്തിട്ടുണ്ട്.
Also Read : കശ്മീരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യാസഖ്യം; ഹരിയാനയില്‍ഡ ബിജെപി മുന്നേറ്റം
ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്. രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.