sarin-action

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരസ്യപ്രതികരണം നടത്തിയ യുവനേതാവ് പി. സരിനെതിരെ നടപടിക്ക് കെ.പി.സി.സി ആലോചന. നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടും വഴങ്ങാത്തതില്‍ നേതൃത്വത്തിന് അമര്‍ഷം . നേതാക്കള്‍ തമ്മില്‍ വിഷയത്തില്‍ കൂടിയാലോചന തുടരുകയാണ്.  

പി.സരിന്‍ പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. പറഞ്ഞതില്‍ അച്ചടക്കലംഘനമുണ്ടോ എന്ന് പരിശോധിച്ച് നടപടിയുണ്ടാകും. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ തള്ളിപ്പറയാന്‍ ആര്‍ക്കും അവകാശമില്ല. സരിനെ അനുനയിപ്പിക്കുമോ എന്ന ചോദ്യത്തിന് സരിന്‍ വിട്ടുപോയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മറുപടി നല്‍കി. 

Read Also: രാഹുല്‍ ഷാഫിയുടെയല്ല കോണ്‍ഗ്രസിന്‍റെ നോമിനി; പരിഗണിച്ചത് ജയസാധ്യത: വി.ഡി.സതീശന്‍

 

സരിന്‍ ആത്മപരിശോധന നടത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു. സി.പി.എമ്മില്‍ ഉണ്ടായ പോലെയുള്ള പൊട്ടിത്തെറിയല്ല ഇത്. കോണ്‍ഗ്രസ് ജയത്തെ ബാധിക്കില്ല. രാഹുല്‍ മിടുമിടുക്കനും യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകനുമാണ്. ഷാഫിക്ക് കൂടി ഇഷ്ടമുള്ളയാളെന്നത് പ്ലസ് പോയിന്റെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍ പാലക്കാട്ട് ആവശ്യപ്പെട്ടു. യു.ഡി.എഫ്. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാകുമെന്നും സരിന്‍ പറഞ്ഞു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സരിന്‍ പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഷാഫി പറമ്പിലിനെ ഉന്നമിട്ടും സരിന്‍ വിമര്‍ശനമുന്നയിച്ചു. പാലക്കാട്ട് ഒറ്റയാളുടെ താല്‍പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. മണ്ഡലത്തിലെ യാഥാര്‍ഥ്യം മനസ്സിലാക്കാതെ മുന്നോട്ടുപോകരുത്. ഞാന്‍ എവിടെനിന്നും ലെഫ്റ്റടിച്ചിട്ടില്ലെന്നും പറയാനുള്ളത് പറഞ്ഞേപോകൂവെന്നും സരിന്‍ വ്യക്തമാക്കി

Google News Logo Follow Us on Google News

അതേസമയം, പി സരിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി രംഗത്തെത്തി. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല. പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണെന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും ഒപ്പമുണ്ടാകണമെന്നും ഷാഫി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ENGLISH SUMMARY:

Congress leadership likely to take diciplinary action against P Sarin