• ‘പാലക്കാട്ട് ഒറ്റയാളുടെ താല്‍പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്’
  • ‘ഞാന്‍ എവിടെനിന്നും ലെഫ്റ്റടിച്ചിട്ടില്ല, പറയാനുള്ളത് പറഞ്ഞേപോകൂ’
  • ‘പാലക്കാട്ട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയാകും’

പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പിന്നാലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് യുവനേതാവ് പി.സരിന്‍. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍   ആവശ്യപ്പെട്ടു. യു.ഡി.എഫ്. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാകുമെന്നും സരിന്‍ പറഞ്ഞു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. ഇന്‍സ്റ്റ റീലും സ്റ്റോറിയും ഇട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സരിന്‍ പറഞ്ഞു. Also Read: ‘തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും’; സരിന് അതൃപ്തി

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഷാഫി പറമ്പിലിനെ ഉന്നമിട്ടും സരിന്‍ വിമര്‍ശന ശരം തൊടുത്തു. പാലക്കാട്ട് ഒരാളുടെ താല്‍പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. മണ്ഡലത്തിലെ യാഥാര്‍ഥ്യം മനസ്സിലാക്കാതെ മുന്നോട്ടുപോകരുത്. ഞാന്‍ എവിടെനിന്നും ലെഫ്റ്റടിച്ചിട്ടില്ലെന്നും പറയാനുള്ളത് പറഞ്ഞേപോകൂവെന്നും സരിന്‍ വ്യക്തമാക്കി. 

സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്: പാര്‍ട്ടി എന്നുപറയുന്നത് കുറച്ചാളുകളുടെ താല്‍പര്യത്തിനനുസരിച്ച് വഴങ്ങിക്കൊടുത്ത് തീരുമാനങ്ങളുടെ ബലാബലത്തില്‍ ജയിച്ചുകയറിയാല്‍ പാര്‍ട്ടി വരുതിയിലായി എന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കില്‍ കഴിഞ്ഞ എട്ടാംതീയതി നടന്ന ഹരിയാന ആവര്‍ത്തിച്ചുപോകുമോ എന്ന ഉള്‍ഭയം എനിക്കുണ്ട്. എല്ലാവരും പറയുന്നുണ്ട് 2026ന്‍റെ സെമിഫൈനലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പെന്ന്. തോറ്റാല്‍ എന്തുചെയ്യും എന്ന് ആലോചിക്കുന്നില്ല. അത് വിഷയമല്ല. ഞാന്‍ പറയുന്നയാള്‍, എന്‍റെയാള്‍, നേരത്തേകൂട്ടി തീരുമാനിച്ചയാള്‍ സ്ഥാനാര്‍ഥിയാകണം എന്ന നിര്‍ബന്ധം ഈ പാര്‍ട്ടിയില്‍ വകവച്ചുകിട്ടും എന്നത് പഴയകാല ശീലങ്ങളില്‍ നിന്ന് മുന്‍കാല ബോധ്യങ്ങളില്‍ നിന്ന് ചിലര്‍ക്ക് വന്നുവെങ്കില്‍, അത് വകവച്ചുകൊടുത്താലുണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത്, എന്‍റെ ചെറിയ ബുദ്ധിയില്‍ എനിക്ക് കൃത്യമായി മനസിലായി. എനിക്ക് മാത്രമല്ല മനസിലായതെന്ന് അറിയുന്നവരാണ് പാലക്കാട്ടെ പത്രപ്രവര്‍ത്തകരെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തിരുത്തണം. ഇത് നിങ്ങള്‍ കുറേ കോണ്‍ഗ്രസുകാരോട് പറഞ്ഞിട്ടുണ്ടാകാം.

ആ റിയാലിറ്റി മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ട് ചില കാര്യങ്ങള്‍ ഇവിടെയങ്ങ് നടത്തിയെടുക്കാമെന്ന് വിചാരിച്ചാല്‍ വിലകൊടുക്കേണ്ടിവരുന്നത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്ന ചിലരുടെ ബോധ്യം ആരെങ്കിലും തിരുത്തിയില്ലെങ്കില്‍ 2026 പോട്ടെ, 2024 നവംബര്‍ 23ന് വരുന്ന റിസള്‍ട്ട് ഒരുപക്ഷേ, കയ്യില്‍ നില്‍ക്കില്ല. അതിനാണ് ഉള്‍പാര്‍ട്ടി ജനാധിപത്യവും ഉള്‍പാര്‍ട്ടി ചര്‍ച്ചകളും അതിലെ തെറ്റും ശരിയും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞും മനസിലാക്കിയും മനസിലാക്കിച്ച് കൊടുത്തുമാണ് പാര്‍ട്ടി പണ്ടൊക്കെ തീരുമാനങ്ങള്‍ എടുത്തിരുന്നത്. ആ തീരുമാനങ്ങളുടെ രീതികള്‍ മാറിയതായി ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. I still believe in the inherent virtues of this party. പാര്‍ട്ടിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചില മൂല്യങ്ങളില്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തീരുമാനം, പ്രഖ്യാപനം വരട്ടെ, അപ്പോഴല്ലേ ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നത് എന്നുകരുതി. അങ്ങനെയല്ലേ മനസിലാക്കേണ്ടത്. അങ്ങനെയല്ല മനസിലാക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിങ്ങള്‍ പലരും ബന്ധപ്പെട്ടു. അപ്പോഴും ഞാന്‍ പറഞ്ഞത് വരട്ടെ എന്നാണ്. 

ഇനി പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കണം. എല്ലാവരോടും പറഞ്ഞിട്ട് വഴിയില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക. കത്തെഴുതുക എന്നൊരു ഏര്‍പ്പാടുണ്ട് കോണ്‍ഗ്രസില്‍. കത്തെഴുതുക എന്നുവച്ചാല്‍ ഇ–മെയില്‍ അയയ്ക്കാം, ഫാക്സ് ചെയ്യാം, നേരിട്ട് കൊണ്ടുപോയി കൊടുക്കാം... ഞാന്‍ വളരെ വൈകി എന്ന് എനിക്കറിയാം. എന്നാല്‍പ്പോലും ഞാന്‍ കോണ്‍ഗ്രസ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും ഇന്നലെ രാവിലെ ഒരു രണ്ടുപേജ് കത്തയച്ചു. ടൈമിങ് കറക്ടായിരുന്നു, പാളിപ്പോയിട്ടില്ലെന്ന് എനിക്കറിയാം. കാരണം ഇന്നലെ ഉച്ചയ്ക്കുശേഷം മാത്രമാണ് കെപിസിസിയുടെ തീരുമാനം ഡല്‍ഹിയില്‍ എത്തുന്നത്. ഡല്‍ഹിയില്‍ അതില്‍ വരേണ്ട തിരുത്തലുകള്‍ക്കാണല്ലോ ഞാന്‍ സ്വാഭാവികമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതുന്നത്. കേരളത്തില്‍ തിരുത്തലിന് സാധ്യതയില്ല എന്ന് മനസിലാക്കിയ സരിന്‍ എഴുതേണ്ട സമയത്തുതന്നെ എഴുതിയിട്ടുണ്ട്. എന്നിട്ട് ഒരുപാടുപേരുടെ പിന്നാലെ നടന്നു, ഇതൊന്ന് അവിടെ എത്തിച്ചുകൊടുക്കുമോ, ഇതൊന്ന് കാണാന്‍ പറയുമോ എന്ന് പറഞ്ഞിട്ട്... അവര്‍ പറഞ്ഞത് ‘ചെയ്യാട്ടോ...’ എന്നാണ്. എന്നെ സ്ഥാനാര്‍ഥിയാക്കിയാലുള്ള ഗുണങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. 

ഞാന്‍ വെറുതെയൊന്ന് വായിച്ചോട്ടെ. (ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണേ...) അവസാനത്തെ നാല് പാരഗ്രാഫാണ് വായിക്കുന്നത് ശ്രദ്ധിച്ചുകേള്‍ക്കണം. In the 2021 assembly elections in Palakkad, despite being a political novice, BJP candidate Shri E Sreedharan, a renowned technocrat, garnered over 50,000 votes, ie more than hald a lakh votes for the first time and lost narrowly to Shafi Parambil. At the age of 89 Shri Sreedharan's professional reputation was clearly a key factor in his success, underscoring the importance of a candidate's personal appeal in this constituency. I believe my educational background, bureaucratic experience and deep connection with the people of Palakkad make me a strong candidate for this crucial byelection. ഞാന്‍ എന്‍റെ കാര്യവും പറയണമല്ലോ. അല്ലെങ്കില്‍ ഇതിലൊന്നും വിലയില്ല. My candidacy would also energise the party workers within the district who view this election as a chance to reclaim party's former glory. ഇത് ഒരു കര്‍ട്ടന്‍ റെയ്സര്‍ പോലെ നിങ്ങള്‍ മനസിലാക്കുക. അതായത്, 2021ല്‍ സംഭവിച്ചത് എന്താണ് എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു. ഇ.ശ്രീധരന് വോട്ട് കിട്ടിയതെങ്ങനെ...നമ്മള്‍ പഠിക്കേണ്ടേ? ആദ്യവും അവസാനവുമായി ബിജെപി അന്‍പതിനായിരത്തിലേറെ വോട്ട് പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഒരു ലോക്സഭാതിര‍ഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ കരസ്ഥമാക്കിയ ഒരേയൊരു ഇലക്ഷനാണ്. നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. അത് കിട്ടിയതെങ്ങനെ എന്ന് പഠിച്ച് മറുതന്ത്രം മെനയുക എന്നത് വളരെ നിര്‍ബന്ധമുള്ള ഒരു കാര്യമാണെന്നും സരിന്‍.

ENGLISH SUMMARY:

P Sarin made dissatisfaction with congress candidature palakkad by election