g-sudhakaran

TOPICS COVERED

മുതിർന്ന നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തലിനെച്ചൊല്ലിയാണ് ആലപ്പുഴ സിപിഎമ്മിലെ പുതിയ ചർച്ചകളും വിവാദങ്ങളും. യുവനേതാവും എംപിയുമായിരുന്ന ടിജെ ആഞ്ചലോസിനെ സിപിഎം പുറത്താക്കിയത് കള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് ജി. സുധാകരന്‍ പറഞ്ഞത്. ഒരു വിഭാഗം സിപിഎം നേതാക്കൾ പകപോക്കാൻ ബോധപൂർവം ആഞ്ചലോസിനെ പുറത്താക്കുകയായിരുന്നു എന്ന സൂചനയും സുധാകരന്‍ പരസ്യമാക്കി. 

സിപിഐ സംഘടിപ്പിച്ച എം.ശിവരാജൻ  പുരസ്കാര ദാന ചടങ്ങിൽ ടി.ജെ. ആഞ്ചലോസിനെയും വേദിയിലിരുത്തി ആയിരുന്നു സുധാകരന്‍റെ തുറന്നു പറച്ചിൽ. ഇത് ഇപ്പോൾ നടന്നു വരുന്ന സിപിഎം സമ്മേളനങ്ങളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. 

28 വർഷത്തിനു ശേഷമാണ് സുധാകരന്‍റെ വെളിപ്പെടുത്തൽ. 1996 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിഎസ് സുജാത തോറ്റതുമായി ബന്ധപ്പെട്ടുണ്ടായ പാർട്ടി നടപടികളെക്കുറിച്ചാണ് സുധാകരൻ പറയുന്നത്. തോൽവിയിൽ ഉത്തരവാദിത്തം കെട്ടിയേൽപിച്ച് 1998 ലാണ് ആഞ്ചലോസിനെ പാർട്ടി പുറത്താക്കിയത്. 

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുട്ടടിയാണ് അതെന്നും ചതിച്ചതാണെന്നും സുധാകരൻ പറയുന്നു. പുറത്താക്കൽ വലിയ ഹൃദയവേദനയുണ്ടാക്കി. തിരഞ്ഞെടുപ്പ് ദിവസം ആഞ്ചലോസ് കടപ്പുറത്ത് കൂടി നടന്നു എന്നൊക്കെ പറഞ്ഞാണ് ഒരു കള്ള റിപ്പോർട്ട് കൊണ്ടുവന്നതെന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.

മുതിർന്ന നേതാവ് നടത്തിയ വെളിപ്പെടുത്തൽ സിപിഎം സമ്മേളനങ്ങളിൽ  ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. സിപിഎമ്മില്‍ വി എസ് - സിഐടിയു പക്ഷങ്ങളുടെ ചേരിതിരിവ് ശക്തമായിരുന്ന കാലത്താണ് സിഐടിയു . പക്ഷത്തായിരുന്ന ആഞ്ചലോസിനെ പുറത്താക്കിയത്. അന്ന് കലവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആഞ്ചലോസ്. 

മാരാരിക്കുളം ഏരിയ കമ്മിറ്റി നൽകിയ വിശദീകരണ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞായിരുന്നു പുറത്താക്കൽ. വി എസ് പക്ഷ നേതാക്കളായിരുന്നു അന്വേഷണ കമ്മീഷനംഗങ്ങൾ. പുറത്താക്കപ്പെട്ട ആഞ്ചലോസ് പിന്നീട് സിപിഐയിൽ ചേർന്നു. ഇപ്പോൾ സി പി ഐ ജില്ലാ സെക്രട്ടറിയും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമാണ്. ഇത്രയും പഴക്കമുള്ള കാര്യത്തെപ്പറ്റി പ്രതികരിക്കാനില്ലെന്ന് ആഞ്ചലോസ് പറഞ്ഞു. 

ENGLISH SUMMARY:

G Sudhakaran revelation sparks discussion in Alappuzha CPM.