TOPICS COVERED

മന്ത്രിമാർ നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്ന വിമർശനം ഉയർത്തിയത് സ്പീക്കർ എ.എൻ.ഷംസീർ ആണ്. ആരൊക്കെയാണ് മറുപടി പറയാതെ മുങ്ങി നടക്കുന്ന മന്ത്രിമാർ. മുഖ്യമന്ത്രി മുതൽ പാർലമെന്‍ററികാര്യവകുപ്പ് മന്ത്രി വരെ ആ കൂട്ടത്തിലുണ്ട്. സഭ സമ്മേളിച്ച ഏഴ് ദിവസം പരിഗണനയ്ക്ക് വന്നത് 2,589 ചോദ്യങ്ങൾ. ഇതിൽ മറുപടി നൽകാത്തത് 909 ചോദ്യങ്ങള്‍ക്ക്. എന്താണ് ഇത്ര മറച്ചുവയ്ക്കാനുള്ളതെന്നാണ് ചോദ്യം. 

സി.എമ്മേ മറയ്ക്കാനുണ്ടോ?

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ടെന്നാണല്ലോ മുഖ്യമന്ത്രിയുടെ സ്ഥിരം ഡയലോഗ്. പക്ഷേ മടിയിൽ എന്തോ ഉണ്ടെന്ന സംശയിപ്പിക്കുന്നതാണ് സഭയിലെ ചില ചോദ്യങ്ങളോടുള്ള അലർജി. സി.എം.ഒ പോർട്ടലിൽ സ്വകാര്യകമ്പനിയുടെ സോഫ്റ്റ്വെയര്‍‍ ഉപയോഗിച്ചതും, കേരളീയം സ്പോൺസർഷിപ്പും സ്വർണ്ണക്കടത്ത് കേസുകളും ഉൾപ്പെടെ ചോദ്യങ്ങളോടാണ് മുഖ്യമന്ത്രിക്ക് മൗനം. മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾ - 128 എണ്ണം. ഉത്തരമില്ലാത്തവ - 28

കണക്കില്ലേ ബാലഗോപാൽ

എല്ലാത്തിനും കണക്ക് പറയേണ്ട ആളാണ് നമ്മുടെ ധനമന്ത്രി. പക്ഷേ നിയമസഭയിൽ ബാലഗോപാൽ ഉത്തരം പറയാത്ത ചോദ്യത്തിന് കൈയ്യും കണക്കുമില്ല. മുൻപിൽ വന്ന 273 ചോദ്യങ്ങളിൽ ഒരെണ്ണത്തിനാണ് മറുപടി നൽകിയത്. ആ കരുതൽ ആരും കാണാതെ പോകരുത്. 

ദാസപ്പാ, മറുപടിയില്ലേ? 

സമൂഹമാധ്യമങ്ങളിൽ വഴി പി.ആർ.വർക്കിന് സ്വന്തം ടീമുകളുള്ള മന്ത്രി ഗണേഷ് കുമാറിന് മുഖ്യധാരാ മാധ്യമങ്ങളോട് പൊതുവേ പുച്ഛമാണ്. അതേ പുച്ഛം തന്നെയാണോ സഭയോടും.  79 ചോദ്യങ്ങളില്‍ ഒന്നിനും ഉത്തരമില്ല. 

കുഴിച്ചുമൂടി കുഴിമന്ത്രി

റോഡിലാകെ കുഴിയാണ്. മന്ത്രി റിയാസ് റോഡ് മന്ത്രിയാണോ കുഴി മന്ത്രിയാണോയെന്ന് വരെ ജനങ്ങൾക്ക് സംശയമുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ചോദ്യങ്ങൾ കുഴിച്ചുമൂടുന്നതിൽ റിയാസിനെ കഴിഞ്ഞിട്ടേ ആരുമുള്ളു. കുഴിച്ചുമൂടി ചോദ്യങ്ങളിൽ ഭൂരിഭാഗവും റോഡിലെ കുഴികളെക്കുറിച്ചായിരന്നു. 165 ചോദ്യം ചോദിച്ചതില്‍ 117 എണ്ണത്തിനും ഉത്തരമില്ല. 

വിളവെടുപ്പ് മോശം

ഹവായ് ചെരുപ്പിട്ട് നടക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യുന്നില്ലെന്ന പാർട്ടിക്കാരുടെ അടക്കംപറച്ചിൽ ശരിവയ്ക്കുന്നതാണ് പി.പ്രസാദിന്‍റെ സഭയിലെ പണി. 84 ചോദ്യങ്ങളില്‍ ഉത്തരമില്ലാത്തവ 81 എണ്ണം. 

ചോദിച്ചാൽ പോര മാഡം

ചോദ്യങ്ങൾ ചോദിച്ചാണല്ലോ വീണ ജോർജ് എന്ന മാധ്യമപ്രവർത്തക വളർന്നത്. മന്ത്രിയായപ്പോൾ ചോദ്യങ്ങളോട് അലര്‍ജിയാണ്. 206 ചോദ്യങ്ങളില്‍ ഉത്തരമില്ലാത്തവ 47. 

ഇനിയും ഇതുവഴി വരില്ലേ

പാർലമെന്‍ററി ജനാധിപത്യ മര്യാദകളെക്കുറിച്ചും സദാ ക്ളാസ് എടുക്കുന്ന മന്ത്രി എം.ബി.രാജേഷ് ഞെട്ടിച്ചുകളഞ്ഞു. തൊട്ടുമുൻപ് നിയമസഭാ സ്പീക്കറായിരുന്നു കക്ഷി 75 സുപ്രധാന ചോദ്യങ്ങൾ കണ്ടതായി പോലും നടിച്ചില്ല. ഇനിയും ഇതുവഴി വരില്ലേ ക്ളാസുമായി എന്ന് മാത്രമേ ചോദിക്കാനുള്ളു. 

സഭയിലെ പഠിപ്പിസ്റ്റുകൾ

ഉഴപ്പന്മാരെ കുറിച്ച് പറയുമ്പോൾ പഠിപ്പിസ്റ്റുകളെക്കുറിച്ചും പറയണം. പ്രതിപക്ഷത്തായിരുന്നപ്പോൾ നിയമസഭ തല്ലിപ്പൊളിച്ചെങ്കിലും മന്ത്രിയായതോടെ മണിമണിയായി ഉത്തരം പറയുന്ന നല്ല കുട്ടിയാണ് ശിവൻകുട്ടി. വി.അബ്ദുറഹ്മാനും ജെ.ചിഞ്ചുറാണിയും ശിവൻകുട്ടിയുടെ ബെഞ്ചുകാരാണ്. 

ENGLISH SUMMARY:

Ministers fail to provide answers to questions in Assembly