ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിട്ടും സി.പി.എം നേതാവ് പി.പി.ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ഇതോടെ ഇന്നലെ വരെ വീട്ടിലുണ്ടായിരുന്ന ദിവ്യ രഹസ്യകേന്ദ്രത്തിലേക്ക് മാറി. അതേസമയം ദിവ്യക്കെതിരെ പാര്‍ട്ടി നടപടി വൈകിയേക്കും. ഉടനടി നടപടി വേണോയെന്ന് ആലോചിക്കാന്‍ തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുകയാണ്.
സായിപ്പിന് കാണുമ്പോള്‍ കവാത്ത് മറക്കുന്ന ശീലം കേരള പൊലീസ് ആവര്‍ത്തിക്കുകയാണ്. എ.ഡി.എമ്മിന്‍റെ ആത്മഹത്യാക്കേസില്‍ ഏക പ്രതിയായിട്ടും സി.പി.എം നേതാവ് പി.പി.ദിവ്യയെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു താല്‍പര്യവുമില്ല. മുന്‍കൂര്‍ജാമ്യാപേക്ഷ കൊടുത്തതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന പതിവ് ക്യാപ്സൂളാണ് നിരത്തുന്നത്. നവീന്‍ ബാബു ജീവനൊടുക്കിയ ശേഷം ദിവ്യയെ പ്രതിചേര്‍ക്കാന്‍ പൊലീസ് മൂന്നുദിവസം കാത്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പൊലീസ് തന്നെ സാഹചര്യം ഒരുക്കിയെന്നാണ് ആക്ഷേപം.
മുന്‍കൂര്‍ജാമ്യാപേക്ഷ അടുത്ത ആഴ്ച മാത്രമേ പരിഗണിക്കു. അതുവരെ പൊലീസ് തന്നെ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് ദിവ്യ. അതേസമയം ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പൂര്‍ണമായും കൈവിടാന്‍ പാര്‍ട്ടി തയാറല്ലെന്നാണ് സൂചന. തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്താലും നടപടി ഉടനുണ്ടായേക്കില്ല.
ദിവ്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമാണ്. തരംതാഴ്ത്തല്‍ പോലുള്ള നടപടിക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ല. സമ്മേളനകാലയളവില്‍ നടപടി പാടില്ലെന്ന പാര്‍ട്ടിശീലവും ദിവ്യക്ക് തുണയായേക്കും. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് മുഖംരക്ഷിക്കാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്നുള്ള നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനിക്കുമോയെന്നാണ് അറിയേണ്ടത്.
അതിനിടെ പി.പി ദിവ്യയെ ന്യായീകരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നാകുമാരി. അഴിമതിക്കെതിരെ സദുദ്ദേശ്യപരമായ അഭിപ്രായമാണ് ദിവ്യ പറഞ്ഞത്. എഡിഎമ്മിന്‍റെ മരണം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും കെ കെ രത്നകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു.