വയനാടിനെ നയിക്കാന്‍ അവസരം നല്‍കിയാല്‍ അത് ആദരവായി കാണുമെന്ന് പ്രിയങ്ക ഗാന്ധി. ജനസാഗരമണിനിരന്ന റോഡ് ഷോയ്ക്ക് ശേഷം വരണാധികാരിയായ വയനാട് ജില്ലാ കലക്ടർ ഡി. ആർ.മേഘശ്രീ മുമ്പാകെ എത്തി പ്രിയങ്ക പത്രികയും സമര്‍പ്പിച്ചു. ഇത് പുതിയ യാത്രയാണെന്നും ഈ ആള്‍ക്കൂട്ടം നമുക്കിടയിലെ വിശ്വാസത്തിന്‍റെ പ്രതീകമാണെന്നും പ്രിയങ്ക റോഡ്ഷോയില്‍ അണിനിരന്ന പ്രവര്‍ത്തകരോട് പറഞ്ഞു. വയനാടിന്‍റെ പ്രതിനിധിയാകുന്നതില്‍ അഭിമാനമുണ്ട്. ചൂരല്‍മലയിലെ ദുരന്തകാഴ്ചകളും കരളുറപ്പും തന്റെ ഉള്ളില്‍തൊട്ടുവെന്നും അവര്‍ പ്രവര്‍ത്തകരോടായി പറഞ്ഞു. തന്നെ അംഗീകരിച്ചതിന് നന്ദിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വയനാടിന്റെ ഹരിതാഭയ്ക്കുമേല്‍ മൂവര്‍ണ്ണക്കടല്‍ തീര്‍ത്ത് പടുകൂറ്റന്‍ റോഡ്ഷോയാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റ മല്‍സരത്തിന് മുന്നോടിയായി നടന്ന റോഡ് ഷോയിലേക്ക് സ്ത്രീകളടക്കം പ്രവര്‍ത്തകര്‍ ഇരച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റോഡ് ഷോ.
ഘടകകക്ഷി നേതാക്കളും അനുഗമിച്ചു. ബാന്‍ഡും മേളവും നൃത്തവുമായി പ്രവര്‍ത്തകരുടെ ആവേശക്കാഴ്ചകള്‍ റോഡ് ഷോയ്ക്ക് നിറംപകര്‍ന്നു. പ്രിയങ്കയുടെ കന്നിയങ്കം ഗംഭീരമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അപ്പാടെ വയനാട്ടിലെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അണിചേര്‍ന്നു.
'പ്രിയപ്പെട്ടവര്‍ക്കായി എന്തും ചെയ്യും പ്രിയങ്ക'
രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങുന്ന തന്‍റെ സഹോദരിയെ വയനാടിന് പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ടവര്‍ക്കായി എന്തും ചെയ്യുന്ന ആളാണ് സഹോദരി. അച്ഛന്‍ കൊല്ലപ്പെട്ടപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. അന്നവള്‍ക്ക് വെറും പതിനേഴ് വയസുമാത്രമാണ് പ്രായമുണ്ടായിരുന്നത്. വയനാടിനെയും പ്രിയങ്ക കുടുംബമായി കാണുന്നതിനാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രതയുടെയും ദൃഢനിശ്ചയത്തിന്‍റെയും പ്രതീകമാണ് പ്രിയങ്കയെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്. സോണിയ വേദിയിലേക്ക് എത്തിയതും അണികള്‍ ആവേശം കൊണ്ട് ഇളകി.