പാലക്കാട് നിയമസഭാ സീറ്റില്‍ ബി.ജെ.പിയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ നേതൃത്വത്തിനാവുന്നില്ലെന്ന് വിമര്‍ശനം. എന്‍.ഡി.എ നേതൃ യോഗത്തിലാണ് ബി.ജെ.പിക്കെതിരെ ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിലപാട‌റിയിച്ചത്. ഇത്തവണ പാലക്കാട്ട് താമര വിരിയുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. 

നഗരസഭ ഭരണം ബി.ജെ.പിക്ക്. മൂന്ന് പഞ്ചായത്തുകളിലും കാര്യമായ സ്വാധീനം. നാട്ടുകാരനായ സ്ഥാനാര്‍ഥി. ഈ ഘടകങ്ങളെല്ലാം അനുകൂലമായിട്ടും പാലക്കാട്ട് താമര വിരിയിക്കാനുള്ള ആത്മാര്‍ഥ പരിശ്രമം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നായിരുന്നു യോഗത്തിലുയര്‍ന്ന വിമര്‍ശനം. പ്രചരണ പരിപാടികളില്‍ മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്നായിരുന്നു ബി.ഡി.ജെ.എസിന്റെ പരാതി.

പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ നിലപാടിന് പിന്നാലെ ഒറ്റക്കെട്ടെന്ന മറുപടി.ഒറ്റക്കെട്ടായി ഞങ്ങള്‍ പ്രചരണരംഗത്തുണ്ട്. ഇത്തവണ പാലക്കാട് നേടുന്നതിനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട‌്. ഒറ്റക്കെട്ടായി ഈ തിര‍ഞ്ഞെടുപ്പിനെ നേരിടുമെന്ന്.എന്‍.ഡി.എ കണ്‍വീനര്‍  തുഷാര്‍ വെള്ളാപ്പള്ളി.നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വെറുതെ പ്രചരിപ്പിക്കുകയാണെന്നും പാലക്കാട്ട് പത്തിരട്ടി ആത്മവിശ്വാസമുണ്ടെന്നും പി.കെ.കൃഷ്ണദാസ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിലും ഒരേമുഖം തുടര്‍ച്ചയായി മല്‍സരരംഗഗത്ത് വരുന്നതിലുമുള്ള അതൃപ്തി ഘടകക്ഷികളില്‍ ചിലര്‍ അറിയിച്ചെങ്കിലും ബി.ജെ.പി നേതാക്കളില്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല.

ENGLISH SUMMARY:

Criticism that the leadership is unable to take advantage of BJP's potential in the Palakkad assembly seat.