പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തീവ്രവാദം വളര്‍ത്തിയാളാണെന്ന പി ജയരാജന്‍റെ പരാമര്‍ശത്തില്‍ വെട്ടിലായി സിപിഎം. പുസ്തകത്തിലുള്ളത് ജയരാജന്‍റെ  അഭിപ്രായമായി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത് കൃത്യമായ ലക്ഷ്യത്തോടെ. പിഡിപി  പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാര്‍ട്ടി നേതൃത്വം ഏത് പക്ഷത്ത് നില്‍ക്കുമെന്നതാണ് ഇനി നിര്‍ണായകം.

പ്രകാശനത്തിന് മുമ്പെ വിവാദമായ പി ജയരാജന്റ 'കേരളം മുസ്​ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്​ലാം' എന്ന പുസ്തകം പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുകയാണ്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം മഅദനി നടത്തിയ പ്രഭാഷണം മുസ്​ലിം യുവാക്കളില്‍ തീവ്രവാദ ചിന്തവളര്‍ത്തിയെന്നായിരുന്നു ജയരാജന്റ വിവാദ പരാമര്‍ശം. മഅദനി രൂപീകരിച്ച െഎഎസ്എസ് മുസ്​ലിം യുവാക്കള്‍ക്ക് ആയുധപരിശീലനവും ആയുധശേഖരവും നടത്തിയെന്നും പൂന്തുറ കലാപത്തില്‍ മഅദനിയുടെ പങ്ക് വ്യക്തമാണന്നും പുസ്തകത്തിലുണ്ട്. 

എന്നാല്‍ ജയരാജന്‍റെ പരാമര്‍ശത്തെ  വി.എസ് പക്ഷത്തിന്റേയും സിപിഐയുടെയും എതിര്‍പ്പ് മറികടന്ന് 2009 ല്‍ പൊന്നാനിയില്‍ മദനിക്കൊപ്പം വേദി പങ്കിട്ട തനിക്കു നേരെയുള്ള ഒളിയമ്പായാണ് മുഖ്യമന്ത്രി കണ്ടത്. അതുകൊണ്ടുതന്നെയാണ് പരാമര്‍ശം ജയരാജന്റ അഭിപ്രായമായി മാത്രം കണ്ടാല്‍ മതിയെന്ന പിണറായി തുറന്നടിച്ചത്. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഅദനിയെ വര്‍ഗീയപ്രചാരകനായി ചിത്രീകരിക്കുന്നത് തിരിച്ചടിയാകുമെന്ന ബോധ്യവും മുഖ്യമന്ത്രിക്കുണ്ട്. 

അതേസമയം മഅദനിയെ അപമാനിച്ചുവെന്ന് പറയുന്നത് കണ്ണ് കാണാത്തവര്‍ ആനയെക്കുറിച്ച് പറയുന്നതുപോലെയാണന്ന് പി.ജയരാജന്‍ തിരിച്ചടിച്ചതോടെ ഭിന്നത വേദിയില്‍ തന്നെ പ്രകടമായി. പ്രകാശനവേദിക്ക് മുന്നില്‍ പിഡിപി പുസ്തകത്തിന്റ പുറംചട്ട കത്തിച്ചതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്ന് പിഡിപി ആവശ്യപ്പെട്ട സാഹചര്യത്തില്‍ എം.വി ഗോവിന്ദന്‍ ആരെ തള്ളിപ്പറയുമെന്നതാണ് ഇനി നിര്‍ണായകം.

ENGLISH SUMMARY:

The CPM is in a huge political crisis after P. Jayarajan's remarks about Madani sparked controversy. In his book, P. Jayarajan alleges that Madani incited terrorism among Muslim youth during the Babri Masjid demolition. However, CM Pinarayi Vijayan rejected these remarks, stating that the book reflects only Jayarajan's opinion and not that of the CPM.