കെ. മുരളീധരനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന പാലക്കാട് ഡിസിസിയുടെ കത്ത് രാഷ്ട്രീയ ആയുധമാക്കി സിപിഎം. കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണെന്നും ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിന്‍റെ താല്‍പര്യങ്ങള്‍ ചിലര്‍ ബലികഴിച്ചുവെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. വടകരയില്‍ കിട്ടിയതിന്‍റെ പ്രത്യുപകാരമാണ് കത്ത് തള്ളിക്കളയാന്‍ കാരണം. എല്ലാവരും ഒരുമിച്ചാണ് രാഹുലിന്‍റെ പേരില്‍ എത്തിയതെന്ന് വി.ഡി. സതീശന്‍ കള്ളം പറഞ്ഞുവെന്നും മുരളീധരനെ ഇനിയും ബലി കൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് രാഹുലിനെ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കാത്തതിന് പിന്നില്‍ സതീശനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആരോപിച്ചു. ഷാഫി പറമ്പിലും വി.ഡി സതീശനും ചേര്‍ന്നാണ് ഡിസിസിയുടെ ആവശ്യം തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് കത്തിലൂടെ തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കുന്ന പി.സരിന്‍. ഒരു ട്രസ്റ്റിന്‍റെ തീരുമാനം മാത്രമായി കോണ്‍ഗ്രസ് മാറിയെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഒരു ഗ്രൂപ്പിന്‍റെ മാത്രം സ്ഥാനാര്‍ഥിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവും പ്രതികരിച്ചു. 

എന്നാല്‍ ഡിസിസിയുടെ കത്ത് പഴയതാണെന്നും ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നും കെ. മുരളീധരന്‍. ഇപ്പോള്‍ കത്ത് എങ്ങനെ പുറത്തുവന്നുവെന്ന് തനിക്കറിയില്ല. അന്ന് തന്നെ തന്‍റെ മൊബൈലില്‍ നിന്നും ഈ കത്ത് താന്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. നേതൃത്വമെടുത്ത തീരുമാനത്തിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

The letter from Palakkad DCC suggesting K Muraleedharan as a candidate for the byelection will be used by CPM against UDF. CPM State Secretary MV Govindan and Minister MB Rajesh alleges that VD Satheesan has sacrificed Congress interest.