thrissur-pooram-two

തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടരന്വേഷണത്തിനായി എഫ്.ഐ.ആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി . മത ആഘോഷം തടസപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതിഭാഗത്തിൽ ആരുടേയും പേരുകൾ പരാമർശിച്ചിട്ടില്ല . എ.ഡി.ജി.പി : മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാകും തുടരന്വേഷണം. ത്രിതല അന്വേഷണം സ്തംഭിച്ചെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് കേസെടുത്തത്. പൂരം കലങ്ങിയിട്ടില്ല , കലക്കാൻ ശ്രമിച്ചെന്നാണ് സർക്കാർ നിലപാട് 

Read Also: തൃശൂരില്‍ പൂരത്തില്‍ 'കലങ്ങി' സിപിഎമ്മും സിപിഐയും; വിവാദങ്ങളിലേക്ക് വലിച്ചഴയ്ക്കരുതെന്ന് ദേവസ്വം

തൃശൂര്‍ പൂരത്തെ ചൊല്ലി സിപിഎം– സിപിഐ പോര് കടുക്കുന്നതിനിടെയാണ് കേസ്. പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണുണ്ടായതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. പൂരം നടക്കേണ്ടതുപോലെ നടന്നിട്ടില്ലെന്നും നടത്താന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സത്യങ്ങള്‍ പുറത്തുവരണമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. 

 

അതേസമയം, പൂരം കലക്കലില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വൈരുധ്യമില്ലെന്നായിരുന്നു മന്ത്രി കെ. രാജന്‍റെ പ്രതികരണം. മുഖ്യമന്ത്രി മുന്‍പ് പറഞ്ഞതും ഇപ്പോള്‍ പറയുന്നതും ഒന്നുതന്നെയാണെന്നും ത്രിതല അന്വേഷണം നടക്കുന്നതിനിടെ മറ്റ് പ്രതികരണങ്ങള്‍ക്കില്ലന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൂരം കലക്കാനുള്ള ശ്രമം ചിലര്‍ നടത്തിയെങ്കിലും വിജയിച്ചില്ലെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം

അതിനിടെ പൂരം കലക്കല്‍ വിവാദങ്ങളിലേക്ക് ദേവസ്വങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ഥിച്ച് തിരുവമ്പാടി ദേവസ്വം. ത്രിതല അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ദേവസ്വം പ്രതിനിധികളുടെ മൊഴിയെടുത്തില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന് ദേവസ്വം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും സെക്രട്ടറി കെ. ഗിരീഷ്കുമാര്‍ പറഞ്ഞു.മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് മൂന്നാഴ്ച കഴി‍ഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിലാണ്. എഡിജിപി എം.ആര്‍ അജിത്കുമാറായിരുന്നു ആദ്യം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ദേവസ്വങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. 

Google News Logo Follow Us on Google News

ENGLISH SUMMARY: