പാലക്കാട്, ചേലക്കര നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച് മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ. കത്തു വിവാദത്തിൽ പുകഞ്ഞ പാലക്കാട്ടെ കോൺഗ്രസ് ദിവ്യയുടെ അറസ്റ്റ് ഉയർത്തി സി.പി.എമ്മിന് മറുപടി നൽകാൻ ഒരുങ്ങുകയാണ്. തൃശൂർ പൂര വിവാദമാണ് ചേലക്കരയിലെ മുഖ്യ പ്രചാരണ വിഷയം.
പാലക്കാട് കോൺഗ്രസിന് ജീവൻ മരണ പോരാട്ടമാണ്, സിറ്റിങ്ങ് സീറ്റ് നിലനിർത്തിയെ പറ്റൂ. ബി.ജെ.പിക്ക് 2021ലെ കണക്കുകൾ വച്ച് ഒരു അക്കൗണ്ട് തുറക്കൽ പ്രതീക്ഷയുണ്ട്. സി.പി.എമ്മിന് മൂന്നാം സ്ഥാനത്ത് നിന്ന് ഉയരണം. എളുപ്പമല്ലെങ്കിലും കോൺഗ്രസ് വിട്ടു വന്ന സരിനിലൂടെ ഒരു അട്ടിമറിയാണ് എൽ.ഡി.എഫ് ക്യാമ്പിന്‍റെ പ്രതീക്ഷ.
കോൺഗ്രസിലെ തമ്മിലടി സി.പി.എം പ്രചാരണ ആയുധമാക്കുമ്പോഴാണ് കോൺഗ്രസ് നവീൻ ബാബുവിന്‍റെ ആത്മഹത്യ അടക്കം സി.പി.എമ്മിനെതിരെ ചർച്ചയാക്കുന്നത്. എന്നാൽ ആ ചർച്ച സി.പി.എം കാര്യമാക്കുന്നില്ല. കൃഷ്ണകുമാറിനെ വിജയിപ്പിച്ചാൽ കേന്ദ്ര പദ്ധതികൾ എത്തിക്കുമെന്ന ഉറപ്പും പാലക്കാട്ടുകാരനെ വിജയിപ്പിക്കു എന്ന പ്രാദേശിക വാദവും ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം.
പൂര വിവാദം ചൂടുപിടിച്ചതോടെ ചേലക്കരയിൽ തിരഞ്ഞെടുപ്പു രംഗം കൊഴുത്തു. ഈ വിഷയത്തിൽ നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫ്– ബി.ജെ.പി ശ്രമം. മുന്നണി നേതാക്കൾ ചേലക്കരയിൽ പ്രചാരണത്തിൽ സജീവമാണ്. ചേലക്കരയിൽ കടുത്ത മത്സരമെന്ന് വോട്ടർമാരും അഭിപ്രായപ്പെടുന്നു.