ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന സമിതിയംഗം സന്ദീപ് വാരിയരെ അനുനയിപ്പിക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വം ഇടപെട്ടു. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള വിശേഷാൽ സമ്പർക്ക് പ്രമുഖ് എ.ജയകുമാർ സന്ദീപിന്റെ പാലക്കാട് ശ്രീകൃഷ്ണപുരത്തെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തി. എട്ടു മണിയോടെ ബിജെപി സംസ്ഥാന സമിതി അംഗം പി.ആര്‍.ശിവശങ്കർ ആണ് ആദ്യം വീട്ടിൽ എത്തിയത്. തൊട്ടു പിന്നാലെയെത്തിയ എ. ജയകുമാർ സന്ദീപുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ എല്ലാം ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചെന്നും നിലപാടിൽ മാറ്റം ഇല്ലെന്നും പിന്നീട് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം കൂടുതൽ പൊട്ടിത്തെറികളിലേക്ക് പോകാതെ പ്രശനപരിഹാരത്തിനാണ് ആർ എസ് എസ് ഇടപെടൽ എന്നാണ് സൂചന
Read Also: ‘ബിജെപിയില്‍നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാന്‍?; തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടത്’
എ.ജയകുമാര്‍ വന്നത് നേതൃത്വം അറിഞ്ഞാണോയെന്ന് അറിയില്ലെന്ന് സന്ദീപ് വാരിയര്‍ പ്രതികരിച്ചു. ജയകുമാര്‍ വരുമ്പോള്‍ എനിക്ക് വാതിലടച്ചിടാന്‍ പറ്റില്ല. അദ്ദേഹം സഹോദര തുല്യനാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വന്നിരുന്നെങ്കില്‍ സന്തോഷിച്ചേനേ. പ്രചാരണത്തിന് പോകില്ലെന്ന നിലപാടില്‍ മാറ്റമില്ല.
സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ കാണിക്കുന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാരിയര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന നിലപാടുമായി യുവനേതാവ് സന്ദീപ് വാരിയര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാതി പരിഹരിക്കാന്‍ കെ.സുരേന്ദ്രന്‍ തയ്യാറായില്ലെന്നും ബി.ജെ.പിക്കാരനായി തുടരുമെന്നും പാര്‍ട്ടി നടപടി ഭയക്കുന്നില്ലെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. സിപിഎമ്മിലെ സുഹൃത്തുക്കളായ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി വിടില്ല. സമവായമല്ല പരിഹാരമാണ് വേണ്ടത്, അതിന്‍റെ സമയം കഴിഞ്ഞു. പാലക്കാട്ട് പോവാതെ ഞാന്‍ എന്‍റെ കുഞ്ഞിനൊപ്പം സമയം ചെലവഴിച്ച് വീട്ടിലിരിക്കും. പാര്‍ട്ടിയില്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുകയാണ്. തന്റെ പ്രശ്നം പരിഹരിക്കാന്‍ കെ.സുരേന്ദ്രന്‍ ഇടപെട്ടില്ല.
കെ.സുരേന്ദ്രനോ, ശോഭ സുരേന്ദ്രനോ പാലക്കാട്ട് മല്‍സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. നപടിയെടുക്കാന്‍ മാത്രം വലിയ നേതാവല്ല താനെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. ആലോചിച്ച് ഉറപ്പിച്ചാണ് താന്‍ പ്രതികരിച്ചതെന്ന് സന്ദീപ് ആവര്‍ത്തിക്കുമ്പോള്‍ യുവനേതാവിനെ കൂടെക്കൂട്ടാന്‍ സിപിഎം സജീവ ശ്രമം തുടരുന്നുവെന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന സൂചന.