പാലക്കാട്ടെ പണപ്പെട്ടിവിവാദം തള്ളി സിപിഎം. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. കോണ്‍ഗ്രസിന്‍റെ ട്രാപ്പില്‍ തലവെച്ചുകൊടുക്കരുത്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍. Also Read: സരിന്‍റെ സ്ഥാനാര്‍ഥിത്വം; സി.പി.എം സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം
പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതിൽ സി.പി.എമ്മിൽ കടുത്ത അതൃപ്തിയുണ്ട്. പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം . അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തിൽ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ട് പോകാനും പാർട്ടിയിൽ തീരുമാനം ആയി. ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലും ട്രോളി ബാഗും സഞ്ചരിച്ചത് രണ്ടു വാഹനങ്ങളിലാണെന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍, ആരോപണങ്ങൾക്ക് മൂര്‍ച്ച കൂട്ടുമെന്നും സിപിഎം ക്യാംപ് പ്രതീക്ഷിക്കുന്നു. നുണ പരിശോധനയ്ക്കടക്കം തയ്യാറാണെന്നും ഏതന്വേഷണവും നേരിടാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ വെല്ലുവിളി.
അതേസമയം, പാലക്കാട്ടെ കള്ളപ്പണ വിവാദത്തിന്‍റെ സംവിധാനം ഷാഫി പറമ്പിലാണെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ട്രോളി ബാഗ് സംബന്ധിച്ച് കേസെടുക്കണം. റെയ്ഡ് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. റെയ്ഡിന് ശേഷം കോണ്‍ഗ്രസിന്‍റെ ശുക്രദശ മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു