പി.പി.ദിവ്യയെ പാര്‍ട്ടി കൈവിടില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. ദിവ്യയെ കാണാന്‍ നേതാക്കള്‍ കോടതിയില്‍ പോയതില്‍ ഒരു കുഴപ്പവുമില്ല. ജയിലില്‍ നിന്നിറങ്ങിയാലും നേതാക്കള്‍ അവരെ കാണാന്‍ പോകുമെന്ന് ഗോവിന്ദന്‍ തറപ്പിച്ചുപറഞ്ഞു. ‘ദിവ്യ എന്താ ഞങ്ങളുടെ ശത്രുവാണോ? അവര്‍ പാര്‍ട്ടി കേഡറായിരുന്നു. കേഡര്‍ക്ക് പിശകുപറ്റി. അത് തിരുത്തി മുന്നോട്ടുപോകും. കേഡര്‍മാരെ തിരുത്താനേ ഉദ്ദേശിക്കുന്നുള്ളു, കൊല്ലാനല്ല...’ സംസ്ഥാനസെക്രട്ടറി പറഞ്ഞു.
എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം ശരിയായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് അന്നുതന്നെ പറഞ്ഞു. ദിവ്യയ്ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്ന് അപ്പോള്‍ത്തന്നെ അറിയിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ദിവ്യയുടെ അഭിപ്രായങ്ങളും സമീപനങ്ങളും വ്യക്തിപരമാണ്. അത് പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമാണ് എന്ന രീതിയില്‍ കാണേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. Also Read: എഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് കുരുക്കായി സ്വന്തം മൊഴി...
എഡിഎമ്മിന്റെ മരണവും ദിവ്യയുടെ അറസ്റ്റും ഉപതിരഞ്ഞെടുപ്പുകളില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി അവകാശപ്പെട്ടു. ഒരു തെറ്റിദ്ധാരണയും ഇതുസംബന്ധിച്ച് ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ക്കാണ് തെറ്റിദ്ധാരണയുള്ളത്. എഡിഎമ്മിന്‍റെ മരണം സംഭവിച്ച് 24 മണിക്കൂറിനകം പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവച്ചു. അതല്ലേ ശരിയായ നിലപാടെന്നും എം.വി.ഗോവിന്ദന്‍ ചോദിച്ചു.