ചേലക്കര പിടിക്കാമെന്നത് ചിലരുടെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടാഴിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്‍റെ അന്തരീക്ഷം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. സംഘപരിവാറിന്‍റെ ആക്രമണത്തിന് നിരന്തരം വിധേയരാകുന്നവരാണ് ക്രൈസ്തവരെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡീല്‍ നീക്കങ്ങള്‍ സംസ്ഥാനത്ത് പലഘട്ടങ്ങളിലായി കോണ്‍ഗ്രസും ബിജെപിയും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇങ്ങനെയാണ് തൃശൂരില്‍ ബിജെപി ഇത്തവണ ജയിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 2019 ല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകളില്‍ 87,000 വോട്ടുകള്‍ 2024 ആയപ്പോള്‍ കാണാതായി. എന്നാല്‍ എല്‍ഡിഎഫിന് 16,000 വോട്ടുകള്‍ വര്‍ധിച്ചു. ജയിക്കുമെന്ന് ഞങ്ങള്‍ വിചാരിച്ചുവെങ്കിലും എല്‍ഡിഎഫ് പരാജയപ്പെട്ടു. യുഡിഎഫിന്‍റെ 87,000 വോട്ടുകള്‍ കാണാതായി. ആ വോട്ടുകള്‍ ബിജെപിയുടെ വോട്ടിനൊപ്പം ചേര്‍ന്നപ്പോഴാണ് തൃശൂരില്‍ ബിജെപി ജയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.