മുനമ്പത്തെ വഖഫ് പ്രശ്നത്തിന് ഒരേയൊരു കാരണമേയുള്ളൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിഎസ് സര്‍ക്കാരിന്‍റെ തീരുമാനമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നും നിസാര്‍ കമ്മിഷനെ വച്ചത് അവരാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ടിനെ മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമുണ്ടാകുമായിരുന്നുവെന്നും ടി.കെ.ഹംസ ചെയര്‍മാനായിരിക്കെയാണ് കുടുംബങ്ങള്‍ക്ക് നോട്ടിസ് അയച്ചതെന്നും വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങളും നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, വയനാട്ടിലും ചേലക്കരയിലും പോളിങ് കുറഞ്ഞതില്‍ ആശങ്ക വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും കണ്ട അതേ പ്രതിഭാസമാണ് വയനാട്ടിലുണ്ടായതെന്നും ഇടതു–ബിജെപി വോട്ടുകള്‍ ഇറങ്ങാതിരുന്നത് കൊണ്ടാണ് പോളിങ് കുറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലം വരുമ്പോള്‍ ഇക്കാര്യം മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.