എഡിഎം നവീന്‍ബാബു വിടപറഞ്ഞ് ഒരു മാസമായിട്ടും യാത്രയയയ്പ്പ് വിവാദത്തിലുള്‍പ്പെട്ട കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. മരണത്തെപ്പറ്റി അന്വേഷിച്ച് റവന്യൂവകുപ്പ് തുടര്‍നടപടിക്ക് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും സര്‍ക്കാരിന് മൗനമാണ്. ഇന്നലെ ഉള്‍പ്പടെ നവീന്‍ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ വാദം.
നവീന്‍ ബാബു വിടപറഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് ഒരു സ്ഥാന ചലനവും വന്നിട്ടില്ല. നവീന്‍ ബാബു തന്നെ വന്നു കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞുവെന്നുമുള്ള കലക്റുടെ മൊഴി വിവാദമായിരുന്നു. എന്നാല്‍ അത്തരത്തില്‍ മനസ് തുറക്കാനുള്ള ബന്ധം നവീന്‍ ബാബുവിന് കലക്ടറുമായില്ലായിരുന്നുവെന്നതാണ് കുടുംബം പറയുന്നത് . ഇതിനെ ശരിവെയ്ക്കുന്നതാണ് കലക്ടറേറ്റിലെ ജീവനക്കാര്‍ സംഭവത്തെപ്പറ്റി അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷ്ണര്‍ എ ഗീതക്ക് നല്‍കിയ മൊഴികളും . നവീന്‍ ബാബുവിന്‍റെ മരണത്തിന്‍റെ പേരില്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പി പി ദിവ്യയെ കലക്ടര്‍ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു എന്നതിന് തെളിവില്ലെന്നും ഏതെങ്കിലും തരത്തില്‍ ദിവ്യയെ അത്തരമൊരു പരാമര്‍ശം നടത്താന്‍ കലക്ടര്‍ പ്രോല്‍സാഹിപ്പിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഏതെങ്കിലും തരത്തില്‍ അരുണ്‍ കെ വിജയന് നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തെറ്റുകാരനാണെന്ന് ഒരു സൂചന പോലുമില്ലാതെ സ്ഥാനചലനം സാധ്യമാകില്ലെന്നാണ് വിവരം . എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കലക്ടര്‍മാരെ ജില്ലകള്‍ മാറ്റാനോ അവരുടെ പദവികള്‍ മാറ്റാനോ തീരുമാനിച്ചാല്‍ അരുണ്‍ കെ വിജയന്‍ മാറിയേക്കാം. എന്നാല്‍ ഇക്കാര്യത്തിലും എന്തെങ്കിലും സാധ്യകളിലും വ്യക്തതയില്ല. എ ഗീതയുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും അതിന്‍മേല്‍ തുടര്‍നടപടിയോ അന്വേഷണമോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല . മരണത്തെപ്പറ്റി പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ റവന്യൂവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന വാദവും സര്‍ക്കാരിനുള്ളില്‍ ശക്തമാണ്.