ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് എന്നു പറഞ്ഞതുപോലെയാണ് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം. ബിജെപിയോടുള്ള ഭിന്നത പരസ്യമാക്കി സന്ദീപ് രംഗത്തെത്തിയതിനു പിന്നാലെ സിപിഎമ്മിലേക്കാവും എന്ന തരത്തിലായിരുന്നു സൂചനകള്‍. എം ബി രാജേഷ് ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടന്നോ എന്ന ചോദ്യത്തിനു മൗനം പാലിച്ചതും ആ സാഹചര്യത്തെയും തളളിയില്ല എന്നു വേണം മനസിലാക്കാന്‍. മാത്രമല്ല ആര്‍ക്കുവേണമെങ്കിലും പാര്‍ട്ടിയിലേക്കു വരാം എന്ന തരത്തില്‍ ഇടതുനേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതികരിച്ചിരുന്നു. എന്നാല്‍ പാലക്കാട് വോട്ടെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ ഇടതിനെ ഞെട്ടിച്ച് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയിരിക്കുന്നു.
വെറുപ്പിന്‍റെ ഫാക്ടറി വിട്ട് സ്നേഹത്തിന്‍റെ കടയിലാണ് താന്‍ എത്തിയിരിക്കുന്നതെന്നാണ് സന്ദീപ് പ്രതികരിച്ചത്. വെറുപ്പിന്‍റെ കമ്പോള്തില്‍ സ്നേഹത്തിന്‍റെ കട തുറക്കും എന്ന രാഹുല്‍ഗാന്ധിയുടെ വാക്ക് കടമെടുത്തായിരുന്നു സന്ദീപിന്‍റെ പ്രതികരണം.
ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച ‘ഓപ്പറേഷന്‍ സന്ദീപ്’ അക്ഷരാര്‍ത്ഥത്തില്‍ ഇടതിനെ ഞെട്ടിച്ചു. ഒരു സരിന് പകരം ഒരു സന്ദീപ് എന്ന രീതിയിലായി കാര്യങ്ങള്‍. ബിജെപി വിട്ടുവന്ന സന്ദീപ് വാര്യരെ ആശ്ലേഷിച്ചായിരുന്നു ഷാഫി പറമ്പില്‍ എംപി സ്വീകരിച്ചത്. തന്‍റെ ആശയങ്ങളില്‍ തിരുത്തല്‍വരുത്തിയ നേതാവിന് പൂര്‍ണപിന്തുണയെന്നാണ് ഷാഫി പറഞ്ഞത്. സന്ദീപ് ജി എന്നാണോ വിളിക്കുക എന്ന ചോദ്യത്തിന് സന്ദീപ് പോരേയെന്നും ഷാഫിയുടെ മറുപടി. ഒരു നല്ല വാര്യരെ കോണ്‍ഗ്രസിനു കിട്ടിയെന്നായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം. തന്‍റെ തൊട്ടടുത്തിരുന്ന് കാവിഷാളിനു പകരം ത്രിവര്‍ണ ഷോള്‍ ധരിച്ച സന്ദീപിനോട് ചിരിച്ചു ഷോളില്‍ പിടിച്ച് കുശലം പറയുന്ന വികെ ശ്രീകണ്ഠനെയും വേദിയില്‍ കണ്ടു.