കോൺഗ്രസിന്റെ ഓപ്പറേഷൻ സന്ദീപ് വാര്യർ നീണ്ടു നിന്നത് എട്ട് ദിവസം. സംസ്ഥാന നേതൃത്വത്തിന്റെ ചടുലമായ നീക്കത്തിൽ നിർണായക പങ്കുവഹിച്ചത് ബെന്നി ബഹനാനാണ്. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം ഉറപ്പിക്കുന്ന നിർണായ കൂടിക്കാഴ്ച നടന്നത് വ്യാഴാഴ്ച കോയമ്പത്തൂരിൽ.
ബിജെപിയെ ഞെട്ടിച്ച സിപിഎമ്മിനെ കുരുക്കിയ സന്ദീപ് ഓപ്പറേഷൻ കോൺഗ്രസിന്റെ പതിവ് ശൈലികൾ എല്ലാം തിരുത്തി കൊണ്ടുള്ളതായിരുന്നു. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷൻ തുടങ്ങിയത് 8 ദിവസം മുമ്പ്. സന്ദീപുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ബെന്നി ബഹനാൻ എംപിയാണ്. സിപിഎം നേതാക്കൾ ഒന്നിന് പിറകെ ഒന്നായി സന്ദീപിനെ പുകഴ്ത്തിയതോടെ അനുകൂല സാഹചര്യമാണെന്ന് ഉറപ്പിച്ച് സംസ്ഥാന നേതൃത്വത്തിന് വേണ്ടി വി ഡി സതീശൻ കരുക്കൾ വേഗത്തിൽ നീക്കി. പിന്നാലെ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹൻ സന്ദീപുമായി കോയമ്പത്തൂരിൽ വച്ച് കൂടിക്കാഴ്ച നടത്തി.
നിർണായ കൂടിക്കാഴ്ച നടന്നത് വ്യാഴാഴ്ച രാത്രി. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാലിൽ നിന്ന് കോൺഗ്രസിലെ ഭാവി സംബന്ധിച്ച് ഉറപ്പുവാങ്ങി. പിന്നെ ഒട്ടുംവൈകിയില്ല, മുഖ്യമന്ത്രി താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ തന്നെ വിഡി സതീശനും ബെന്നി ബഹനാനും ദീപ ദാസ് മുൻഷിയും പി വി മോഹനും യോഗം ചേർന്നു, കെ സുധാകരനെ വിവരം ധരിപ്പിച്ച് മുഖ്യമന്ത്രി പര്യടനം തുടങ്ങുന്ന ദിവസം തന്നെ തലക്കെട്ട് തിരുത്തി.സന്ദീപിന്റെ വരവിൽ അപശബ്ദങ്ങൾ ഒഴിവാക്കാൻ ലീഗ് നേതൃത്വത്തിനും കോൺഗ്രസ് സൂചന നൽകിയിരുന്നു.