എല്ലാ പദവികളില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടും പി.പി ദിവ്യയെ കൈവിടാതെ കണ്ണൂര്‍ സര്‍വകലാശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ ലഭിച്ച സെനറ്റ് അംഗത്വത്തില്‍ നിന്ന് ഇതുവരെ ദിവ്യയെ പുറത്താക്കിയില്ല. വിഷയം ചൂണ്ടിക്കാട്ടി ചാന്‍സിലര്‍ക്ക് പരാതി പോയിട്ടും സര്‍വകലാശാല ദിവ്യയ്ക്കൊപ്പമെന്ന നിലപാടിലാണ്. ദിവ്യയ്ക്ക് മൂന്ന് മാസം വരെ തുടരാമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല നടപടിയെ ന്യായീകരിക്കുന്നത്.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ നിന്ന് സിപിഎം ദിവ്യയെ നീക്കിയതാണ്. ദിവ്യ അധികാരക്കസേരയില്‍ നിന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം പിന്നിടുന്നു. അപ്പോഴും സര്‍വലാശാലയില്‍ ദിവ്യയ്ക്ക് പ്രത്യേക പരിഗണന. അധികാരം നഷ്ടപ്പെട്ട പി പി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒന്നിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട ചാന്‍സിലര്‍ സര്‍വകലാശാലയോട് വിശദീകരണവും തേടി. ദിവ്യ ഒഴിഞ്ഞ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് കെ കെ രത്നകുമാരി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നിട്ടും, ദിവ്യയെ തൊടാന്‍ സര്‍വകലാശാല നേതൃത്വത്തിന് താല്‍പര്യമില്ല.. കണ്ണൂര്‍ സര്‍വകലാശാല ആക്ട് പ്രകാരം രാജി വെയ്ക്കുകയോ കാലാവധി കഴിയുകയോ ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് മൂന്ന് മാസം വരെ സെനറ്റ് അംഗമായി തുടരാനാകുമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
സെനറ്റ് അംഗത്വം തിരഞ്ഞെടുപ്പിലൂടെ ലഭിച്ചതായതിനാല്‍ പുതിയ അംഗത്തിനായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. ഇതിന് സമയം അനിവാര്യമാണെന്നും മൂന്ന് മാസക്കാലയളവ് കഴിഞ്ഞേ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നും സര്‍വകലാശാല പറയുന്നു. അല്ലാതെ നീക്കം ചെയ്താല്‍ തിരിച്ചടിയാകാനുള്ള സാധ്യതയുണ്ടെന്നാണ് ന്യായീകരണം. അതേസമയം, ഇതേകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചാന്‍സിലര്‍ക്കും യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ വിശദീകരണം നല്‍കും. എന്നാല്‍, പി പി ദിവ്യയ്ക്ക് സര്‍വകലാശാല സംരക്ഷണമൊരുക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.