ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎമ്മിന്‍റെ പത്രപ്പരസ്യമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ല. ന്യൂനപക്ഷവോട്ട് ഭിന്നിപ്പിക്കണമെന്നും അതിലൂടെ ബിജെപിക്ക് ഗുണം കിട്ടണമെന്നുമുള്ള കണക്കുകൂട്ടലാണ് പരസ്യത്തിന് പിന്നില്‍. സാദിഖലി തങ്ങള്‍ക്കെതിരെ പറയുന്നതും ഇതേ ലക്ഷ്യം വച്ചാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
സന്ദീപ് വാരിയര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്. ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിനു സിപിഎം എന്തിനാണ് കരയുന്നത് ? ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോയെന്ന് സിപിഎം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങള്‍മാര്‍ നാടിനു മത സൗഹാർദ്ദം മാത്രം സംഭാവന ചെയ്തവരാണ്. മുനമ്പത്ത് പ്രശ്ന പരിഹാരത്തിനു പാണക്കാട് തങ്ങൾ ശ്രമം നടത്തുമ്പോൾ അതിൽനിന്നു വിഷയം മാറ്റി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്ത് ബിജെപിയും വരും. സമസ്തയിലെ വിഷയം ചർച്ച നടക്കുന്നുണ്ട്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയാണുള്ളത്?’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു. Also Read: സിപിഎമ്മിന്‍റെ പത്രപ്പരസ്യം: തിര. കമ്മിഷനും വരണാധികാരിക്കും യുഡിഎഫ് പരാതി നല്‍കി...
സാമുദായിക ധ്രുവീകരത്തിനു നീക്കം നടക്കുമ്പോൾ എന്തു വിമർശനം ഉണ്ടായാലും സാദിഖലി ശിഹാബ് തങ്ങൾ ശക്തമായി മുന്നോട്ട് പോകും. മുനമ്പം ഒത്തുതീർപ്പു ചർച്ചയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. സർക്കാർ ഉത്തരവ് ആവശ്യമുണ്ട്. അത് ഉണ്ടായാൽ ഒറ്റദിവസം കൊണ്ട് വിഷയം പരിഹരിക്കാവുന്നതേയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു