പാലക്കാട് മൂന്നാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ്. നഗരപരിധിയില്‍ ലീഡ് നേടിയതോടെയാണ് കൃഷ്ണകുമാറിനെ പിന്തള്ളി രാഹുല്‍ മുന്നിലെത്തിയത്.1418 വോട്ടുകള്‍ക്കാണ് രാഹുല്‍ നിലവില്‍ ലീഡ് ചെയ്യുന്നത്. ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിലധികം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറായിരുന്നു ലീഡ് ചെയ്തത്. രണ്ടാം റൗണ്ടില്‍ രാഹുല്‍ നേരിയ ലീഡ് നേടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ നേടിയ വോട്ടിന്‍റെ ലീഡ് ബിജെപിക്ക് ആദ്യ റൗണ്ടില്‍ നിലനിര്‍ത്താനായില്ല. ലീഡുണ്ടെങ്കിലും ബിജെപിയുടെ വോട്ട് കുറഞ്ഞതായാണ് പ്രാഥമിക വിലയിരുത്തല്‍. രാഹുലിന്‍റെ പകുതി വോട്ടുകള്‍ മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ സരിന്‍റെ അക്കൗണ്ടിലുള്ളത്.
പാലക്കാട് നഗരസഭ പരിധിയില്‍പ്പെടുന്ന പറക്കുന്നം, നൂറണി, ശ്രീരാമപാളയം, തൊണ്ടികുളം, വെണ്ണക്കര ഉള്‍പ്പെടുന്ന മേഖല ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. 2021 ല്‍ ഷാഫി പറമ്പില്‍ ആദ്യ രണ്ട് റൗണ്ടിലും ഇ.ശ്രീധരന് മുന്നില്‍ ലീഡ് വഴങ്ങിയെങ്കിലും തിരിച്ച് വരവിന്റെ സൂചന കാണിച്ചത് മൂന്നാം റൗണ്ടിലാണ്. സമാന ട്രെന്‍ഡാണ് നിലവിലും പ്രകടമാകുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം റൗണ്ടില്‍ 2152 വോട്ടുകള്‍ക്കാണ് യുഡിഎഫ് മുന്നിലെത്തിയത്. നൂറണി, വെണ്ണക്കര മേഖലയിലുണ്ടായ ശക്തമായ പോളിങില്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫും പ്രതീക്ഷ വയ്ക്കുന്നു. 2021 ല്‍ മൂന്നാം റൗണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ലീഡില്‍ മൂന്നാം സ്ഥാനത്താണുണ്ടായിരുന്നത്. ഇത്തവണ യുഡിഎഫ് സംവിധാനങ്ങള്‍ പരമാവധി വിനിയോഗിച്ച് കഴിയുന്നത്ര വോട്ട് സമാഹരിക്കാന്‍ ശ്രമമുണ്ടായ ബൂത്തുകളാണ് മൂന്നാം റൗണ്ടിന്റെ പരിധിയില്‍പ്പെടുക.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് എഴുപതിനായിരത്തിലേക്ക് കടക്കുകയാണ്. തുടക്കം മുതല്‍ വ്യക്തമായ ആധിപത്യമാണ് പ്രിയങ്ക പുലര്‍ത്തുന്നത്. ചേലക്കരയില്‍ തുടക്കം മുതല്‍ യു.ആര്‍. പ്രദീപ് മുന്നിലാണ്. 5112 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്. പിവി അന്‍വറിന്‍റെ പാര്‍ട്ടിക്ക് 532 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാന്‍ കഴിഞ്ഞത്.