തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പിണറായി 3.0 പ്രഖ്യാപിച്ച് സൈബറിടത്തെ സഖാക്കള്‍. സിപിഎം നേതാക്കളുടെയും സൈബര്‍ പോരാളികളുടെയും പേജുകളിലാണ് വരുന്നു ‘പിണറായി 3.0’; ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പോസ്റ്റുകള്‍ വരുന്നത്. ചേലക്കര കരുത്തോടെ പിടിച്ചും പാലക്കാട് വോട്ടുനില ഉയര്‍ത്തിയും ഭരണവിരുദ്ധവികാരമില്ലെന്ന് വാദിച്ചാണ് സിപിഎമ്മും ഇടതുമുന്നണിയും പിണറായി 3.0 പ്രഖ്യാപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം കൂടി എന്ന് മാത്രമല്ല, മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന പ്രചാരണത്തിന് കൂടി ഇടത് കേന്ദ്രങ്ങൾ തുടക്കമിട്ടുവെന്ന് പറയാം.
ചേലക്കരയില്‍ യു ആര്‍ പ്രദീപ് മണ്ഡലം നിലനിര്‍ത്തുമ്പോള്‍ ആശ്വാസം സിപിഎമ്മിനേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് . പിണറായി ഭരണം ജനത്തിന് മടുത്തെന്ന ആക്ഷേപത്തില്‍ നിന്നും തല്ക്കാലം തലയൂരാന്‍ ചേലക്കര വഴിയൊരുക്കും. ചേലക്കര നിലനിര്‍ത്തുമെന്ന് വ്യക്തമായതോടെ ആദ്യ പ്രതികരണവുമായി എത്തിയ മുഹമ്മദ് റിയാസ് പിണറായിയെ വാനോളം വാഴ്ത്തിയിരുന്നു. സീറ്റ് നിലനിര്‍ത്തി എന്നതിനേക്കാള്‍ , കഴിഞ്ഞ ലോക്സഭയില്‍ കെ രാധാകൃഷ്ണനെ ചേലക്കരയില്‍ കിട്ടിയ ഭൂരിപക്ഷത്തേക്കാള്‍ ഏഴായിരം വോട്ട് കൂട്ടിയതാണ് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാനുള്ള സിപിഎമ്മിന്‍റെ ഒരായുധം . ചേലക്കരയില്‍ 2021 ലെ ഭൂരിപക്ഷത്തെക്കാള്‍ 27199 വോട്ട് കുറഞ്ഞെന്നത് പക്ഷെ വിജയത്തിന്‍റെ ആശ്വസത്തില്‍ സിപിഎം മറക്കുകയാണ്.