തിരുവനന്തപുരം മംഗലപുരത്ത് ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പുറത്താക്കും. ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. മധു പാര്‍ട്ടിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു ബിജെപിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും വി.ജോയ് പറഞ്ഞു.
പാര്‍ട്ടിയുടെ ഈ പ്രതികരണം പ്രതീക്ഷിച്ചതെന്ന് മധു മുല്ലശേരി മനോരമ ന്യൂസിനോട് പറഞ്ഞു. എല്ലാത്തിനും കാരണം ജില്ലാ സെക്രട്ടറിയുടെ വിഭാഗീയ പ്രവര്‍ത്തനമാണ്. സ്ഥാനം കിട്ടാത്തതല്ല തന്‍റെ പ്രശ്നം. വി. ജോയ് പറയുന്നതെല്ലാം കള്ളമാണെന്നും ആരൊക്കെ ഒപ്പമുണ്ടെന്ന് എന്ന് പിന്നീട് അറിയാം മധു മുല്ലശേരി പറഞ്ഞു. Also Read: മംഗലപുരം സിപിഎമ്മില്‍ പൊട്ടിത്തെറി; ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി...
അതേസമയം, ഇന്നലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ വിളിച്ചിരുന്നുവെന്ന് തിരുവനന്തപുരം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി. കടുത്തതീരുമാനം എടുക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടു. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ല. സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ബിജെപിയില്‍ ചേരുമെന്നാണ് സൂചന.