സമസ്ത സമവായ ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് വിരുദ്ധവിഭാഗം പങ്കെടുക്കില്ലെന്ന് സൂചന. മുശാവറ യോഗത്തിനു മുന്‍പുള്ള സമവായചര്‍ച്ച പ്രഹസനമെന്ന് നിലപാട്. ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ ലീഗ് അനുകൂലവിഭാഗം തീരുമാനിച്ചു. തിങ്കള്‍ വൈകിട്ട് മൂന്നിന് മലപ്പുറത്താണ് സമവായ ചര്‍ച്ച.
ഉമർ ഫൈസി മുക്കം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പാണക്കാട് കുടുംബത്തിനും ഉയർത്തിയ ആക്ഷേപത്തിനെതിരെ വലിയ പ്രതിഷേധത്തിനൊപ്പം സമസ്തയ്ക്കുള്ളിൽ സമാന്തര കൂട്ടായ്മ കൂടി രൂപീകരിച്ചതോടെയാണ് സമവായ നീക്കം. ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടി എടുക്കണമെന്നും ലീഗ് നേതൃത്വത്തിനെതിരെ തരം കിട്ടുമ്പോഴൊക്കെ ഒളിയമ്പുകള്‍ എയ്യുന്ന സമസ്ത നേതാക്കളെ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മുസ്‌ലിം ലീഗിനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ സമസ്തയ്ക്കുളളില്‍ സമാന്തര കൂട്ടായ്മക്ക് രൂപം നല്‍കിയത്. ഇരു വിഭാഗത്തേയും ഒപ്പമിരുത്തി ചര്‍ച്ചയിലൂടെ അകലം കുറയ്ക്കുകയാണ് സമവായ ചര്‍ച്ചയിലൂടെ ലക്ഷ്യമിട്ടിരുന്നത്.